കൊച്ചി: വാഹനാപകടത്തെ തുടർന്ന് മസ്‌തിഷ്‌ക മരണം സംഭവിച്ച നെടുമ്പാശ്ശേരി വട്ടപറമ്പ് മള്ളുശേരി പാലമറ്റം വീട്ടില്‍ ബില്‍ജിത്ത് ബിജു (18) വിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയില്‍ തുടിക്കും.
കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ കൊച്ചി ലിസി ആശുപത്രിയില്‍ പൂർത്തിയായി. അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രിയില്‍ നിന്ന് ഹൃദയം എത്തിച്ചതിന് ശേഷം പുലർച്ചെ ഒന്നരയോടെ തുടങ്ങിയത്. ഡോ. ജോസ് ചാക്കോ പെരിയ പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പുലർച്ചെ 3.30 ന് തന്നെ ഹൃദയം കുട്ടിയില്‍ സ്പന്ദിച്ച് തുടങ്ങി. അടുത്ത 48 മണിക്കൂർ നിർണായകം എന്ന് ലിസി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.
വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബില്‍ജിത്തിന്റെ ഹൃദയമാണ് പതിമൂന്നുകാരിയായ പെണ്‍കുട്ടിക്ക് നല്‍കിയത്. കാലടി ആദി ശങ്കര എഞ്ചിനീയറിങ് കോളേജ് ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ബില്‍ജിത്തിന്റ വൃക്കകള്‍, കണ്ണ്, ചെറുകുടല്‍, കരള്‍ എന്നിവയും ദാനം ചെയ്തിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ശസ്ത്രക്രിയയ്ക്കായി ലിസി ആശുപത്രിയില്‍ എത്താനുള്ള സന്ദേശം പെണ്‍കുട്ടിയുടെ കുടുംബത്തിന് ലഭിക്കുന്നത്. തുടർന്ന് 7 മണിയോടെ ആശുപത്രിയില്‍ എത്തുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ചികിത്സയിലായിരുന്നു പെണ്‍കുട്ടി. സർക്കാർ സംവിധാനങ്ങളും ജനവുമൊന്നാകെ ഒന്നിച്ച് തിരുവനന്തപുരത്ത് നിന്നും മസ്തിഷ്ക മരണം സംഭവിച്ച ഐസക് ജോർജിന്റെ ഹൃദയം കൊച്ചിയിലെത്തിച്ച് ഒരു ദിവസം പിന്നിട്ടപ്പോഴാണ് വീണ്ടും മാതൃകയായി അവയവദാനം.