വൈക്കം: തലയോലപ്പറമ്പില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 105 കിലോ കഞ്ചാവുമായി രണ്ടു പേര് പിടിയില്‍. കോട്ടയം കരിപ്പൂത്തട്ട് സ്വദേശി കെന്‍സ് സാബു, മുണ്ടക്കയം സ്വദേശി രഞ്ജിത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇന്ന് രാവിലെ തലയോലപ്പറമ്പില്‍ സിനിമാ രംഗങ്ങളെ വെല്ലുന്ന രീതിയിലായിരുന്നു പോലീസിന്റെ ലഹരിവേട്ട.
എറണാകുളം ഭാഗത്തു നിന്നാണ് രണ്ടുപേരും കാറില്‍ കഞ്ചാവുമായി വന്നത്. ഇവരുടെ വാഹനം വെട്ടിക്കാട്ട് മുക്കില്‍ വെച്ച് പോലീസ് തടയാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതികള്‍ പോലീസിനെ വെട്ടിച്ച് കാറുമായി മുന്നോട്ടു പോയി. തുടര്‍ന്ന് പോലീസ് കാറിനെ പിന്തുടര്ന്നു. ഇതോടെ കാറിലുണ്ടായിരുന്ന ഒരാള്‍ ഡോര്‍ തുറന്ന് ചാടുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാളെ പോലീസ് ഓടിച്ചിട്ട് പിടിച്ചു. ഇതിനിടെ കാറുമായി മുന്നോട്ടു പോയ രണ്ടാമനെ പോലീസ് സംഘം പിന്തുടര്ന്ന് തലയോലപ്പറമ്പ് ജങ്ഷന് സമീപത്തു വെച്ചും പിടികൂടുകയായിരുന്നു.