കേരള സമൂഹത്തിന്റെ നേർചിത്രങ്ങളായ നോവലുകളും കഥകളും രചിച്ച എഴുത്തുകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് ശങ്കരൻ നമ്പൂതിരി എന്ന മാടമ്പ് കുഞ്ഞുകുട്ടൻ. സാഹിത്യത്തിലും സിനിമയിലും മാത്രമല്ല, തത്വചിന്തയിലും വേദങ്ങളിലും മാതംഗശാസ്ത്രത്തിലുമെല്ലാം ആഴത്തിലുള്ള അറിവുണ്ടായിരുന്നു മാടമ്പിന്. മഹാഭാരതത്തിലെ അശ്വത്ഥാമാവിനെപ്പോലെ അശാന്തമായ ആത്മാവുമായി അലയുന്ന കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി എഴുതിയ അശ്വത്ഥാമാവ്, കുറിയേടത്തു താത്രിയുടെ ജീവിതകഥയെ അടിസ്‌ഥാനമാക്കി രചിച്ച ഭ്രഷ്‌ട് തുടങ്ങിയ നോവലുകളിലൂടെ ശ്രദ്ധേയന്‍.
എല്ലാകാലത്തും തന്റെ ബോധ്യങ്ങൾ തുറന്നുപറയുകയും ധീരമായി നിലകൊള്ളുകയും ചെയ്ത, അക്ഷരംമുതൽ ആനവരെയും ഭരണിപ്പാട്ടുമുതൽ സൗന്ദര്യലഹരിവരെ ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞ എഴുത്തുകാരനാണ്. പത്തിലേറെ നോവലുകളും അഞ്ചു തിരക്കഥകളും എഴുതിയിട്ടുണ്ട്.
2000-ല്‍ കരുണം എന്ന ചിത്രത്തിന്‍റെ തിരക്കഥയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു. വടക്കുംനാഥന്‍, പോത്തന്‍വാവ, അഗ്നിനക്ഷത്രം, കരുണം, അഗ്നിസാക്ഷി, ചിത്രശലഭം, ദേശാടനം, അശ്വത്ഥാമാവ് തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. 1942 ജൂണ്‍ 21-ാം തീയതി തൃശൂര്‍ ജില്ലയിലെ കിരാലൂര്‍ മാടമ്പ് മനയില്‍ ശങ്കരന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായാണ് ജനനം. മാടമ്പ് മനയിൽ ശങ്കരൻ നമ്പൂതിരി എന്നാണ് യാഥാർഥ പേരെങ്കിലും വിളിപ്പേരായ കുഞ്ഞുക്കുട്ടൻ പിന്നീട് ഔദ്യാഗിക പേരാക്കി. പരമ്പരാഗതമായ സംസ്കൃത പഠനത്തിനു ശേഷമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. അമ്പലങ്ങളിൽ ശാന്തിക്കാരൻ, റേഡിയോ റിപ്പയറിങ്, സ്പ്രേ പെയിന്റിങ് തുടങ്ങിയ ജോലികളും ചെയ്തു. ടെപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടും ട്യൂട്ടോറിയൽ കോളജും നടത്തിയിരുന്നു. പൂമുള്ളി ആറാം തമ്പുരാന്‍ ആണ് ആന ചികിത്സ പഠിപ്പിച്ചത്. സാഹിത്യത്തില്‍ കോവിലനും തന്ത്ര വിദ്യയില്‍ പരമ ഭാട്ടാരക അനംഗാനന്ദ തീര്‍ഥ പാദശ്രീ ഗുരുവുമാണ് ഗുരുക്കന്മാര്‍. തൃശൂർ ആകാശവാണിയിൽ കുറച്ചുകാലം ജോലിചെയ്തിരുന്നു.
ട്യൂട്ടോറിയൽ കോളജിൽ അധ്യാപകനായിരിക്കെ വിദ്യാർഥികൾക്കുവേണ്ടി നാടകങ്ങൾ എഴുതിയാണ് സാഹിത്യജീവിതത്തിന്റെ തുടക്കം. 1970 ൽ എഴുതിയ അശ്വത്ഥാമാവാണ് ആദ്യ നോവൽ. തൊട്ടുപിന്നാലെ വന്ന ഭ്രഷ്ട് എന്ന നോവൽ വിവാദമുണ്ടാക്കി. ജയരാജ് സംവിധാനം ചെയ്ത ദേശാടനത്തിനാണ് ആദ്യമായി തിരക്കഥയെഴുതിയത്. മാടമ്പിന്റെ ആദ്യ നോവലായ അശ്വത്ഥാമാവ് , കെ ആർ മോഹനൻ സിനിമ ആക്കിയപ്പോൾ ആ ചിത്രത്തിൽ നായകവേഷത്തെ അവതരിപ്പിച്ചതും മാടമ്പ് ആയിരുന്നു. അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്നമസ്തു, ഭ്രഷ്ട്, മാരാരാശ്രീ, എന്തരോ മഹാനുഭാവുലു, പോത്ത്, നിഷാദം, പാതാളം, ആര്യാവർത്തം, അമൃതസ്യ പുത്രഃ, കോളനി, പുതിയ പഞ്ചതന്ത്രം, സാരമേയം, തോന്ന്യാസം തുടങ്ങിയവയാണ് നോവലുകൾ, മകൾക്ക്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം എന്നിവയാണ് തിരക്കഥകൾ. തപസ്യ കലാ സാഹിത്യ വേദിയുടെ സംസ്ഥാന രക്ഷാധികാരിയുമായിരുന്നു. 2001 ൽ കൊടുങ്ങല്ലൂരിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി മൽസരിച്ചിരുന്നു.
'മഹാപ്രസ്‌ഥാനം' എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു(1983). കരുണത്തിന് മികച്ച തിരക്കഥയ്ക്കുളള ദേശീയ അവാര്‍ഡ് (2000), പരിണാമത്തിന്റെ തിരക്കഥയ്ക്ക് ഇസ്രയേല്‍ അശദോദ രാജ്യാന്ത ചലച്ചിത്രമേള പുരസ്കാരം, തോറ്റങ്ങള്‍ എന്ന സീരിയലിന്റെ തിരക്കഥയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം (1999). പരിസ്ഥിതി സംബന്ധമായി 'അശ്വത്ഥ നിംബ പരിണയം' എന്ന ഡോക്യൂമെന്ററി സംവിധാനം ചെയ്തു. തകഴി ശിവശങ്കര പിളളയെക്കുറിച്ചും ഡോക്യുമെന്ററി ഒരുക്കി. 2021 മെയ് 11 -ന് കോവിഡ് ബാധിച്ച് അന്തരിച്ചു.
ഭാര്യ: പരേതയായ സാവിത്രി അന്തര്‍ജനം. മക്കൾ: ഹസീന, ജസീന