നിലമ്പൂർ ഉപതിരഞ്ഞെടുപ്പു ദിവസം ഇസ്ലാമിക തീവ്രവാദത്തെ സന്തോഷിപ്പിച്ച് പത്ത് വോട്ടുകൾ നേടുവാൻ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും സി പി എം നേതാക്കളും നടത്തിയ വില കുറഞ്ഞ രാഷ്ട്രീയ കളി മാത്രമാണ് ഭാരതാംബ വിവാദമെന്നും അത് ഇസ്ലാമിക തീവ്രവാദത്തെ ശക്തിപ്പെടുത്താൻ മാത്രമേ സഹായിക്കു എന്നും ബി ജെ പി സംസ്ഥാന വക്താവ് കെ വി എസ് ഹരിദാസ് അഭിപ്രായപ്പെട്ടു.
ഭാരതമാതാവിനെയും ഭരണഘടന സങ്കല്പങ്ങളെയും മന്ത്രി ശിവൻകുട്ടി അപമാനിച്ചതിൽ പ്രതിഷേധിച്ച് ബി ജെ പി എറണാകുളം സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ പരിപാടി കലൂർ ജംഗ്ഷനിൽ ഭാരത മാതാവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1947 ൽ ഉണ്ടായതല്ല ഭാരത മാതാ സങ്കല്പവും ഭഗവ പതാകയും. ആയിര കണക്കിന് വർഷങ്ങളായുള്ള പാരമ്പര്യത്തിന്റെ പ്രതീകങ്ങളാണവ. രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ഇത്തരം പ്രതീകങ്ങളെ ഉപയോഗിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.