കണ്ണൂർ: സ്വന്തം പിതാവിൻ്റെ ആസിഡ് ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പെൺകുട്ടിക്ക് സ്നേഹക്കൂടൊരുക്കി ഒരു നാട്. കണ്ണൂർ കൊട്ടിയൂർ സ്വദേശി അളകനന്ദക്കാണ് ഇടുക്കി അടിമാലിയിലെ സുമനസ്സുകൾ ചേർന്ന് വീട് വച്ച് കൊടുത്തത്. ഗുരുതര പൊളളലേറ്റ് അടിമാലിയിൽ ചികിത്സക്കെത്തിയെ പെൺകുട്ടിക്കാണ് അടിമാലിക്കാർ സംരക്ഷണമൊരുക്കിയത്.
അപ്രതീക്ഷിതമായി ദേഹത്ത് വീണ ആസിഡിനേക്കാൾ നീറ്റലുണ്ട് അളകനന്ദയെന്ന കുരുന്നിന് 2022 ജനുവരി 15. അന്നായിരുന്നു അളകനന്ദക്കും അമ്മ നിജിതക്കും നേരെ അച്ഛൻ സനൽകുമാർ ആസിഡ് ആക്രമണം നടത്തിയത്. കുടുംബവഴക്കിനെ തുടർന്ന് നിജിത മകളുമായി വയനാട്ടിൽ മാറിത്താമസിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഗുരുതര പൊളളലേറ്റ നിജിത ചികിത്സയിലിരിക്കെ മരിച്ചു. ആക്രമണത്തിന് ശേഷം സനൽകുമാർ ആത്മഹത്യ ചെയ്തു.
മരണത്തോട് മല്ലടിച്ച് അളകനന്ദ മാസങ്ങളോളം കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. പിന്നീട് തുടർചികിത്സയ്ക്കായി നിജിതയുടെ അമ്മ ഗീതയുമൊത്ത് അടിമാലിയിലെ പൊളളൽ ചികിത്സ കേന്ദ്രത്തിലെത്തി. ആ 11കാരിയുടെ ദുരന്തകഥ കേട്ട വൈദ്യൻ ജോർജ്ജ് ഫിലിപ്പ് ആണ് അഞ്ചുസെൻ്റ് സ്ഥലം എഴുതി നൽകിയത്. ആ ഭൂമിയിലാണ് ഇപ്പോൾ സ്നേഹക്കൂടൊരുങ്ങിയത്.
നാട്ടുകാരൻ കൂടിയായ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫെത്തിയാണ് താക്കോൽ കൈമാറിയത്. ഒപ്പം ഒരു നാടുമുഴുവനും ഉണ്ടായിരുന്നു. അടിമാലി ഫാത്തിമ മാതാ ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് അളകനന്ദ. ഇന്നലെകളുടെ വേദന മറികടന്ന് തിളക്കമാർന്ന വിജയത്തിനായുളള പരിശ്രമത്തിലാണീ കുരുന്ന്.