കൊച്ചി: നടിയെ ആക്രമിച്ച കേസിലെ 34 -ാം സാക്ഷി നടി മഞ്ജുവാര്യരെ ഫെബ്രുവരി 16ന് വീണ്ടും വിസ്തരിക്കും. സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിനെത്തുടർന്നുള്ള തുടരന്വേഷണത്തിൻ്റെ ഭാഗമായി സമർപ്പിച്ച റിപ്പോർട്ടിലാണ് വീണ്ടും വിസ്തരിക്കുന്നത്.അതേസമയം, സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ ഇന്ന് നടക്കാനിരുന്ന സാക്ഷി വിസ്താരം മാറ്റി. ഹൈക്കോടതിയിൽ നിന്ന് അന്തിമ അനുമതി ആകാത്തതിനാലാണ് തിരുവനന്തപുരത്ത് നടത്താനിരുന്ന വിസ്താരം മാറ്റിയത്.ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കോടതിയിൽ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് ബാലചന്ദ്രകുമാർ അറിയിച്ചതിനെ തുടർന്നാണ് തിരുവനന്തപുരത്ത് എത്തി വിസ്തരിക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി തീരുമാനിച്ചിരുന്നത്.
