മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ അപകടകരമായ രീതിയില്‍ ഓണാഘോഷ പരിപാടി. കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലാണ് തുറന്ന ജീപ്പിലും ജെസിബിയിലും എത്തി വിദ്യാര്‍ത്ഥികള്‍ ഓണാഘോഷ പരിപാടികള്‍ നടത്തിയത്. മദ്യലഹരിയിലായിരുന്ന വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലെ മതില്‍ ഇടിച്ച് തകര്‍ത്തിട്ടുണ്ട്. ക്യാമ്പസിലെ ഫിസിക്കല്‍ എജുക്കേഷന്‍ വിദ്യാര്‍ത്ഥികളുടെ ഓണാഘോഷമായിരുന്നു പരിധി വിട്ടത്.
ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ പടക്കം പൊട്ടിച്ചു. സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ മുറിയില്‍ പടക്കം പൊട്ടിച്ചത് ചോദിച്ച അധ്യാപകരെ ഭീഷണിപ്പെടുത്തിയതിന് അധ്യാപകര്‍ തേഞ്ഞിപ്പലം പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ സെക്യൂരിറ്റി ഓഫീസറോട് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് തേടി. അപകടകരമായ രീതിയില്‍ ഓണാഘോഷ പരിപാടി നടത്തരുതെന്ന് ഹൈക്കോടതി വിധി നിലനില്‍ക്കേയാണ് ക്യാമ്പസില്‍ ഇത്തരത്തില്‍ ഓണപ്പരിപ്പാടി സംഘടിപ്പിച്ചത്.