കോട്ടയം : തീപിടുത്തമുണ്ടായ വെള്ളൂര്‍ കേരള പേപ്പര്‍ പ്രോഡക്ടസ് ലിമിറ്റഡില്‍ ന്യൂസ് പ്രിന്റ് ഉല്‍പാദനം പുനരാരംഭിച്ചു. ഒക്ടോബര്‍ അഞ്ചിന് പേപ്പര്‍ മെഷീന്‍ പ്ലാന്റിലുണ്ടായ തീപിടുത്തത്തെത്തുടര്‍ന്നു പൂര്‍ണമായും നിലച്ച ന്യൂസ്പ്രിന്റ്് ഉല്പാദനമാണ് പുനരാരംഭിച്ചത്.
തൊഴിലാളികളും, ഉദ്യോഗസ്ഥരും അടക്കമുള്ള മുഴുവന്‍ ജീവനക്കാരും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ് ന്യൂസ്പ്രിന്റ് ഉല്പാദന പ്രക്രിയ പുനരാരംഭിച്ചത്. പത്രസ്ഥാപനങ്ങള്‍ക്കുള്ള ന്യൂസ്പ്രിന്റ് വിപണനവും പുനരാരംഭിച്ചിട്ടുണ്ട്.
തീപിടുത്തം മൂലമുണ്ടായ നാശനഷ്ടത്തിന്റെ തോത് കണക്കിലെടുക്കുമ്പോള്‍, ഉല്‍പാദനപ്രക്രിയ പുനരാരംഭിക്കുവാന്‍ ഈ രംഗത്തുള്ള വിദഗ്ധര്‍ കണക്കാക്കിയ കലയാളവിന്റെ പാതി സമയത്തിനുള്ളിലാണ് ഇതിന് സാധിച്ചതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കണക്കാക്കിയ ചിലവിന്റെയും പകുതി മാത്രമാണ് വേണ്ടി വന്നത്.
ഇറക്കുമതി ചെയ്ത യന്ത്രസാമഗ്രികള്‍ ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തന സജ്ജമാ ക്കുന്നതില്‍ പുറത്തുനിന്നുള്ള സാങ്കേതിക വിദഗ്ദ്ധരുടെ സേവനങ്ങളെ ആശ്രയിച്ചില്ല. സ്ഥാപനത്തിലെ തന്നെ ജീവനക്കാരുടെ വൈദഗ്ദ്ധ്യവും പ്രവര്‍ത്തന പരിചയവും പൂര്‍ണമായും ഉപയോഗിച്ചാണ് നാശനഷ്ടം സംഭവിച്ച യന്ത്രസമഗ്രികള്‍ പ്രവര്‍ത്തനക്ഷമമാക്കിയത്.
ഇന്ത്യയിലെ ഏറ്റവും വലിയ പത്ര സ്ഥാപനങ്ങളിലൊന്നായ ദൈനിക് ഭാസ്‌കര്‍ കോര്‍പറേഷനില്‍ നിന്ന് ലഭിച്ച 10,000 ടണ്ണിന്റെ ഓര്‍ഡര്‍ ആണ് ഇതില്‍ എടുത്തു പറയേണ്ടത്. പൂര്‍ണ്ണ ഉല്‍പ്പാദനശേഷി കൈവരിക്കുന്നതോടെ പ്രതിമാസം 9000 ടണ്‍ പത്രക്കടലാസ്സ് ഉല്‍പാദനത്തിനുള്ള ശേഷി കെ.പി.പി.എല്ലിനുണ്ട്.
കേരള പേപ്പര്‍ പ്രോഡക്ടസ് ലിമിറ്റഡില്‍ പത്രക്കടലാസ് നിര്‍മാണത്തിന് വേണ്ടിയുള്ള പള്‍പ്പിന്റെ ഉല്‍പാദനത്തിന് തടിയും, പാഴ്കടലാസ്സും ആണ് അസംസ്‌കൃത വസ്തുക്കള്‍ ആയി ഉപയോഗിക്കുന്നത്. വനം വകുപ്പിന് കീഴിലുള്ള പ്ലാന്റേഷനുകളില്‍ നിന്ന് ഗുണമേന്മയുള്ള പള്‍പ്പുതടികള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഇതിനകം സര്‍ക്കാര്‍ സ്വീകരിച്ചു. ഇതോടൊപ്പം കേരളത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഗുണമേന്മയുള്ള പാഴ് കടലാസ് കെ.പി.പി.എല്ലിന് ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിച്ചു.
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് കേരളം ഏറ്റെടുത്ത് പുന:സംഘടിപ്പിച്ചാണ് കെ.പി.പി.എല്ലിന് രൂപം നല്‍കിയത്.














































































