ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്നതിനിടെ വിറയലും ഛർദിയും ഉണ്ടായതിനെത്തുടർന്ന് മറ്റ് ആശുപത്രികളിലേക്കു മാറ്റിയവരിൽ രണ്ടു പേർ രണ്ടു ദിവസത്തിനിടെ മരിച്ചു.
ഓട്ടോറിക്ഷാ ഡ്രൈവർ കായംകുളം പുതുക്കാട് വടക്കതിൽ മജീദ് (53), ഹരിപ്പാട് പട്ടണത്തിലെ പച്ചക്കറി വ്യാപാരി വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രൻ (60) എന്നിവരാണു മരിച്ചത്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് താൽക്കാലികമായി അടച്ചു.
ഡയാലിസിസിനിടെ അണുബാധയുണ്ടായതാണു മരണകാരണമെന്നു രാമചന്ദ്രന്റെ കുടുംബം ആരോപിച്ചു. രക്തത്തിൽ അണുബാധ ഉണ്ടായിരുന്നെന്നു പിന്നീട് ഇദ്ദേഹം ചികിത്സ തേടിയ മാവേലിക്കര തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചെന്നും ബന്ധുക്കൾ പറഞ്ഞു.














































































