മന്ത്രി സജി ചെറിയാനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിനു ചുള്ളിയില്‍. ലഹരിക്കേസില്‍ ഉള്‍പ്പെട്ടവരെ മന്ത്രി സംരക്ഷിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസംഗത്തില്‍ അക്കാര്യം ആരോപിച്ചതെന്നും പൊലീസ് കേസുകൊണ്ട് പിന്മാറില്ലെന്നും ബിനു ചുള്ളിയില്‍ കൂട്ടിച്ചേര്‍ത്തു.
കലാപ ആഹ്വാനത്തിനാണ് തനിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സമൂഹത്തില്‍ കലാപം ഉണ്ടാക്കുന്ന വിധം വര്‍ഗീയ പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാനെതിരെ താന്‍ കൊടുത്ത പരാതിയില്‍ ഇതുവരെ പൊലീസ് മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ല. കേരളത്തില്‍ രണ്ട് രീതിയിലാണ് കാര്യങ്ങളെന്നും നീതിയില്ലെന്നും ബിനു ചുള്ളിയില്‍ ആരോപിച്ചു.
ലഹരിക്കടത്ത് കേസിലെ പ്രതിയെ മന്ത്രി സജി ചെറിയാന്‍ സംരക്ഷിക്കുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിനി ചുള്ളിയില്‍ ആരോപിച്ചത്.
കരുനാഗപ്പള്ളിയില്‍ ലഹരിക്കടത്ത് കേസില്‍ സിപിഐഎം പുറത്താക്കിയ ഷാനവാസിനെ മന്ത്രി സംരക്ഷിക്കുന്നുവെന്നും ലഹരി കടത്തില്‍ മന്ത്രിക്കും പങ്കുണ്ടെന്നും ആലപ്പുഴയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പരിപാടിക്കിടെ ബിനു ചുള്ളിയില്‍ ആരോപിച്ചിരുന്നു.
പാര്‍ട്ടി പുറത്താക്കിയ നേതാവിനെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ അനുവദിച്ചു. അതിന് പിന്തുണ നല്‍കിയത് മന്ത്രിയാണെന്നും ബിനു ആരോപിക്കുന്നു.














































































