ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്. മുഖ്യമന്ത്രി ചർച്ചകൾക്കായി ദില്ലിയിൽ നിർണ്ണായക യോഗം ഇന്ന് ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വൈകിട്ട് മൂന്ന് മണിക്കാണ് യോഗം ചേരുക. രാഹുൽ ഗാന്ധിയും കേരളത്തിൽ നിന്നെത്തുന്ന കെ സി വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കും എന്നാണ് വിവരം.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കൾ ഇന്ന് കൂടിയാലോചനകൾ നടത്തും. ഒരാഴ്ചക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപനത്തിനാണ് ശ്രമം. അതേസയമം, മുഖ്യമന്ത്രി പദത്തിനായി പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കിടയിൽ നീക്കങ്ങൾ ശക്തമായിട്ടുണ്ട്. എംഎല്‍എമാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെസി പക്ഷം അവകാശപ്പെടുന്നത്. കൂടുതൽ എംപിമാരും മുതിർന്ന നേതാക്കളും ഒപ്പമുണ്ടാകുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.
എംഎൽഎമാരുടെ എണ്ണം മാത്രമല്ല പരിഗണിക്കേണ്ടതെന്നാണ് സതീശൻ വിഭാഗത്തിന്‍റെ നിലപാട്. ഘടകകക്ഷികളെ കൂടെനിർത്തിക്കൊണ്ടുള്ള നീക്കങ്ങൾക്കാണ് സതീശൻ പ്രാധാന്യം നൽകുന്നത്. പദവി ലഭിച്ചില്ലെങ്കിൽ അദ്ദേഹം കടുത്ത നിലപാടുകളിലേക്ക് നീങ്ങിയേക്കുമെന്ന സൂചനയുണ്ട്. ഇതിനെല്ലാം പുറമെ, സീനിയോറിറ്റിക്കാണ് മുഖ്യമന്ത്രി പദത്തിൽ മുൻഗണന നൽകേണ്ടതെന്ന് ചെന്നിത്തല വിഭാഗം വാദിക്കുന്നത്.













































































