കൊല്ലം: കേരള കോൺഗ്രസ് എം അധ്യക്ഷൻ ജോസ് കെ മാണിയുമായും മന്ത്രി റോഷി അഗസ്റ്റിനുമായും സംസാരിച്ചുവെന്നും എൽഡിഎഫ് വിട്ടു പോകേണ്ട ആവശ്യം കേരള കോൺഗ്രസ് എമ്മിന് ഇല്ല എന്നാണ് അവർ പറയുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരള കോൺഗ്രസ് എം എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പാകുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം. കേരള കോൺഗ്രസ് എമ്മിന് സ്വന്തം വഴിയറിയാം.
കേരള കോൺഗ്രസ് എം എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകുമെന്ന ജോസ് കെ മാണിയുടെ പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്യേണ്ട ആവശ്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഗൃഹസന്ദർശന പരിപാടിയെ കുറിച്ചും ബിനോയ് വിശ്വം പ്രതികരിച്ചു. എൽഡിഎഫ് സർക്കാരിനെ കുറിച്ച് എന്തെല്ലാം നല്ലത് പറഞ്ഞാലും ജനങ്ങൾക്ക് എന്തോ വിമർശനം ഉണ്ട് അത് എന്തെന്ന് അറിയണം, തീർക്കണം. എല്ലാ വീടുകളിലും ചെന്ന് ജനങ്ങളെ കേൾക്കുകയും വിമർശനങ്ങൾ മനസ്സിലാക്കുകയുമാണ്. അത് കേൾക്കുന്നത് ഇടതുപക്ഷത്തിന് ഗുണമാണ്. ഒരു മുൻവിധിയും ഇല്ലാതെയാണ് ഗൃഹസന്ദർശനം. ജനങ്ങൾ എൽഡിഎഫിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
ശബരിമല വിഷയം വിശ്വാസ മനസുകളെ അല്പം വ്രണപ്പെടുത്തിയെന്ന് ജനം ഉന്നയിക്കുന്നുണ്ട്. വിശ്വാസികളെ പരിഗണിച്ചോ എന്ന ചോദ്യമാണ് ഉയരുന്നത്. അതിന്റെ മറുപടി വ്യക്തമായി പറയേണ്ടതുണ്ട്. ഇടതുപക്ഷവും കമ്യൂണിസ്റ്റുകാരും വിശ്വാസികളുടെ ശത്രുക്കളല്ല. വിശ്വാസികളെ മാനിക്കുന്നവരാണ്. വിശ്വാസം എന്നത് ഒരു യാഥാർത്ഥ്യമാണ്, രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളും വിശ്വാസികളാണ്. എന്നാൽ മതഭ്രാന്ത് അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.














































































