ശബരിമല മണ്ഡലപൂജ ഇന്ന്.
രാവിലെ 10.30നും 11.30നും മദ്ധ്യേയുള്ള മീനം രാശി ശുഭ മുഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ നടക്കുക.
രാത്രി 11ന് നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് 5ന് നടതുറക്കും. ജനുവരി 15നാണ് മകരവിളക്ക്. മണ്ഡലകാലം അവസാനിക്കുന്ന ഇന്നും ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
മണ്ഡലപൂജയ്ക്ക് മുന്നോടിയായുള്ള തങ്കഅങ്കി ഘോഷയാത്ര ഇന്നലെ വൈകീട്ടാണ് സന്നിധാനത്ത് എത്തിയത്. ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് 23ന് പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് പമ്പയിലെത്തിയത്. പമ്പ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സി പി സതീശ് കുമാറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
3.30വരെ പമ്പാ ഗണപതി കോവിലില്‍ തങ്കഅങ്കി ദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് പ്രത്യേക പേടകത്തിലാക്കി സന്നിധാനത്തേക്ക് ഘോഷയാത്ര പുറപ്പെട്ടു. വൈകീട്ട് 5.30ന് ശരംകുത്തിയിലെത്തിയ ഘോഷയാത്രയെ ശബരിമല ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ വി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് പതിനെട്ടാംപടിയിലേക്ക് ആനയിച്ചു.
കൊടിമരച്ചുവട്ടില്‍ മന്ത്രി കെ രാധാകൃഷ്ണന്‍, കെയു ജനീഷ് കുമാര്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് തുടങ്ങിയവര്‍ സ്വീകരിച്ച് സോപാനത്തേക്ക് കൊണ്ടുവന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീലകത്ത് എത്തിച്ചു. തുടര്‍ന്ന് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തി.












































































