തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ വ്യാജ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത നെടുമങ്ങാട് സ്വദേശി ബിന്ദുവിനെ 'കള്ളി'യാക്കാന്‍ പോലീസും ഒത്തു കളിച്ചു. വീട്ടില്‍ ജോലിക്ക് നിന്ന ബിന്ദുവിനെ കസ്റ്റഡിയില്‍ എടുത്ത പോലീസ് തെറ്റ് ന്യായീകരിക്കാനും ശ്രമിച്ചു. ബിന്ദുവിന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ ഇടപെടല്‍ നിര്‍ണ്ണായകമായി. ഓമനാ ഡാനിയലിന് മറവി രോഗമുണ്ടായിരുന്നു. അവര്‍ പതിവ് പോലെ വയ്ക്കുന്ന സ്ഥലത്ത് സ്വര്‍ണ്ണം വച്ചില്ല. ഇതോടെ പോലീസില്‍ പരാതി നല്‍കി. വീട്ടു ജോലിക്കാരിയെ കള്ളിയാക്കി. എഫ് ഐ ആറിട്ടു. വെള്ളം പോലും കൊടുക്കാതെ സ്‌റ്റേഷനില്‍ വച്ചു. പെട്ടെന്ന് സ്വര്‍ണ്ണം കിട്ടി. ഇതോടെ പോലീസ് പറഞ്ഞത് മറ്റൊരു കഥയാണ്. വീട്ടിന് പിന്നിലെ ചവറു കൂനയില്‍ നിന്നും സ്വര്‍ണ്ണം കിട്ടിയെന്നതായിരുന്നു അത്. അതായത് മോഷ്ടിച്ച സ്വര്‍ണ്ണം ബിന്ദു തന്നെ ഉപേക്ഷിച്ചുവെന്ന നിലയിലേക്ക് കാര്യങ്ങളെത്തിക്കാനായിരുന്നു പോലീസ് ശ്രമം. ഇത് പൊളിയുകയാണ്. മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശ പ്രകാരം ജില്ലയ്ക്ക് പുറത്തു നിന്നുള്ള ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണം നിര്‍ണ്ണായകമായി.
ഓമനാ ഡാനിയേൽ മറവി രോഗമുള്ള വ്യക്തിയാണ്. അന്ന് പള്ളിയില്‍ നിന്നും വന്ന അവര്‍ സ്വര്‍ണ്ണം വച്ചത് സോഫയ്ക്ക് അടിയിലായിരുന്നു. സാധാരണ നിലയില്‍ കട്ടിലിലെ മെത്തയ്ക്ക് അടിയിലാണ് വയ്ക്കാറുള്ളത്. സ്വര്‍ണ്ണം വച്ച സ്ഥലം അവര്‍ മറന്നു. പിന്നീട് മാല നോക്കിയപ്പോള്‍ ഒരിടത്തും കണ്ടില്ല. വച്ച സ്ഥലം മറന്നതായിരുന്നു ഇതിന് കാരണം. സ്വര്‍ണ്ണം കാണാതായപ്പോള്‍ അങ്കലാപ്പിലായി. അതിന് ശേഷം മകളെ വിളിച്ചു. മാല കാണുന്നില്ലെന്ന് പറഞ്ഞപ്പോള്‍ പോലീസില്‍ പരാതി കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ പോലീസ് എത്തി. ഉന്നത കേന്ദ്രങ്ങളില്‍ നിന്നും വിളിച്ചതോടെ പോലീസ് പെട്ടെന്ന് നടപടികളിലേക്ക് കടന്നു. എല്ലാവരും ചേര്‍ന്ന് ബിന്ദുവിനെ കുറ്റവാളിയാക്കി. അറസ്റ്റു ചെയ്തു. ചോദ്യം ചെയ്തു പീഡിപ്പിച്ചു. വീട്ടില്‍ പോലും കാര്യം അറിയിച്ചില്ല. ഒടുവി്ല്‍ മാല കിട്ടി. ഇതോടെ പോലീസ് രക്ഷപ്പെടാന്‍ പുതിയ കഥയും അവതരിപ്പിച്ചു. അതായിരുന്നു വീടിന് പുറകിലെ ചവറു കൂനയില്‍ നിന്നും മാല കിട്ടിയെന്ന കഥ. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്റെ അന്വേഷണം ഈ കഥ പൊളിച്ചു. 400 പേജുളള അന്വേഷണ റിപ്പോര്‍ട്ടില്‍ പോലീസിന്റെ മുന്‍ കഥകളെല്ലാം പൊളിയുകയാണ്.
മാല കിട്ടിയത് സോഫയുടെ അടിയില്‍ നിന്നും. എന്നാല്‍ പോലീസുകാരനായ പ്രസാദ് കിട്ടിയത് ചവറു കൂനയില്‍ നിന്നും കിട്ടിയെന്ന് പറയാന്‍ നിര്‍ദ്ദേശിച്ചു. പോലീസുകാരായ പ്രസാദും പ്രസന്നനുമാണ് ഇങ്ങനെ പറഞ്ഞത്. ഓമനാ ഡാനിയലിന്റെ മകളുടെ മൊഴിയിലാണ് ഇക്കാര്യമുള്ളത്. അതായത് കുറ്റം അങ്ങനെ നില്‍ക്കട്ടേ എന്ന് പോലീസ് തന്നെ പറഞ്ഞു വച്ചു. അതായത് കഥ മെനഞ്ഞത് പോലീസാണ്. പോലീസിന്റെ ക്രിമിനല്‍ ബുദ്ധിയാണ് ഇതിന് പിന്നില്‍. പേരൂര്‍ക്കടയിലെ ഗൂഡാലോചനയാണ് ഇതിലൂടെ തെളിയുന്നത്. അതായത് ഓമനാ ഡാനിയലിന്റെ മകള്‍ ബിന്ദു വിശദ അന്വേഷണത്തില്‍ സത്യം പറഞ്ഞു. സ്വര്‍ണ്ണ മാല കിട്ടാത്തതില്‍ പരാതി കൊടുക്കുന്നത് സ്വാഭാവികമാണ്. പിന്നീട് മാലി കിട്ടിയിട്ടും വ്യാജമായി ആ പാവം സ്ത്രീയെ കുറ്റക്കാരിയാക്കാന്‍ പോലീസ് ശ്രമിച്ചു. ഇത് ഗുരുതര ക്രിമിനല്‍ കുറ്റമാണ്.
ഇതുമായി ബന്ധപ്പെട്ട് കേസുണ്ട്. ബിന്ദുവിനെതിരെ വ്യാജ പരാതി നല്‍കിയ വീട്ടുടമ ഓമനാ ഡാനിയല്‍, മകള്‍ നിഷ, കസ്റ്റഡിയിലെടുത്ത പേരൂര്‍ക്കട എസ്.ഐ പ്രസാദ്, എ.എസ്.ഐ പ്രസന്നകുമാര്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. എന്നാല്‍ സിഐ ശിവകുമാറിനും സംഭവത്തില്‍ പങ്കുണ്ടെന്നാണ് സൂചന. എസ്.സി, എസ്.ടി കമ്മിഷന്‍ ഉത്തരവുപ്രകാരം പേരൂര്‍ക്കട സ്റ്റേഷനിലെത്തി ബിന്ദു പരാതി നല്‍കുകയായിരുന്നു. വ്യാജ പരാതിയില്‍ പൊലീസ് തന്നെ അന്യായമായി കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചുവെന്നായിരുന്നു ബിന്ദുവിന്റെ പരാതി. ഇതിനൊപ്പം മനുഷ്യാവകാശ കമ്മീഷനേയും സമീപിച്ചു. ഇതിലാണ് അന്വേഷണം നടത്തിയത്.
വീട്ടുജോലിക്കായി പോയ പേരൂര്‍ക്കടയിലെ വീട്ടില്‍നിന്നു മാല മോഷണം പോയെന്ന പരാതിയിലാണ് ഏപ്രില്‍ 23നു നെടുമങ്ങാട് സ്വദേശിനിയായ യുവതിയെ പേരൂര്‍ക്കട പോലീസ് വിളിച്ചുവരുത്തി മണിക്കൂറുകളോളം സ്റ്റേഷനില്‍ ചോദ്യംചെയ്യല്‍ നടത്തിയത്. താന്‍ മോഷണം നടത്തിയിട്ടില്ലെന്നു യുവതി പോലീസിനോടു പറഞ്ഞിട്ടും പോലീസ് യുവതിയെ ഒരു ദിവസത്തോളം സ്റ്റേഷനില്‍ത്തന്നെ നിര്‍ത്തി. പരാതിക്കാര്‍ക്ക് വീട്ടില്‍ നിന്നുതന്നെ മാല ലഭിച്ചതോടെയാണ് ചെയ്യാത്ത കുറ്റത്തിനു കസ്റ്റഡിയിലായ യുവതിയെ പോലീസ് വിട്ടയച്ചത്. ബിന്ദു അമ്പലമുക്കിലെ ഒരു വീട്ടില്‍ ജോലിക്കു നിന്നപ്പോഴാണ് മാല മോഷണം പോയെന്നു കാട്ടി വീട്ടുകാര്‍ പേരൂര്‍ക്കട പോലീസില്‍ പരാതി നല്കിയത്. തുടര്‍ന്ന് ബിന്ദുവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി. താന്‍ മോഷണം നടത്തിയിട്ടില്ലെന്നു ബിന്ദു പറഞ്ഞിട്ടും പോലീസ് അംഗീകരിക്കാന്‍ തയാറായില്ല. പെണ്‍മക്കളെയും കേസില്‍ പെടുത്തുമെന്ന ഭീഷണിയാണു പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. സ്റ്റേഷനില്‍വച്ച് കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ പോയി കുടിക്കാനാണു ദളിത് യുവതിയോട് പേരൂര്‍ക്കട സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്നും ബിന്ദു പറഞ്ഞു.
തന്നെ മോഷ്ടാവായി ചിത്രീകരിച്ച് കസ്റ്റഡിയിലെടുത്ത പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയുമായാണു യുവതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. എന്നാല്‍, പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പോകാനാണു മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നു നല്കിയ മറുപടിയെന്നു യുവതി പറഞ്ഞു. അഭിഭാഷകനൊപ്പമാണു മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. ഇതോടെയാണ് സംഭവം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. തുടര്‍ന്ന് വിവാദമായി. പിന്നീട് പീഡിപ്പിച്ച എസ് ഐയെ സസ്പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ തലയൂരുകയും ചെയ്തു. മാല നഷ്ടപ്പെട്ടത് ഏപ്രില്‍ 18നാണെങ്കിലും പരാതി നല്‍കിയത് 23നായിരുന്നുവെന്നും സൂചനയുണ്ട്. വീട്ടില്‍ അറിയിക്കാതെ ഒരു രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷനില്‍ ഇരുത്തി ബിന്ദുവിനെ ക്രൂരമായി ചോദ്യം ചെയ്യുകയും പിറ്റേന്ന് ഉച്ചയ്ക്ക് 12 മണി വരെ അനധികൃതമായി കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്യുകയായിരുന്നു.