തിരുവനന്തപുരം: ഗഗൻയാൻ ആദ്യ ദൗത്യം ഈ വർഷം ഡിസംബറിൽ നടക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ. 2025 ഡിസംബറില്‍ വ്യോംമിത്ര റോബോട്ടുമായി ഗഗൻയാൻ പേടകം ബഹിരാകാശത്തേക്കയക്കും. ഭാരതീയ ബഹിരാകാശ നിലയം യാഥാർത്ഥ്യമാക്കാൻ ജോലി തുടങ്ങിക്കഴിഞ്ഞു. 2035-ഓടെ നിലയം കമ്മീഷൻ ചെയ്യുമെന്നും ഇസ്രൊ തലവന്‍ പറഞ്ഞു.
ഐഎസ്ആര്‍ഒ 2025ല്‍ ആകെ ലക്ഷ്യമിടുന്നത് 8 ദൗത്യങ്ങളെന്ന് ചെയർമാൻ ഡോ. വി നാരായണൻ സ്ഥിരീകരിച്ചു. ഇസ്രൊയുടെ അടുത്ത വിക്ഷേപണ ദൗത്യമേതെന്ന് വൈകാതെ പ്രഖ്യാപിക്കും. ഗതിനിർണ്ണയ ഉപഗ്രഹമായ എൻവിഎസ്-03യുടെ വിക്ഷേപണം ഉടൻ നടത്തും. നാവിക് ശൃംഖലയിലെ മുൻ ഉപഗ്രഹമായ എൻവിഎസ് 02-വിൽ വിക്ഷേപണ ശേഷം സാങ്കേതിക പ്രശ്നം കണ്ടെത്തിയിരുന്നു. ബഹിരാകാശത്തെ നാസ- ഇസ്രൊ സംയുക്ത ദൗത്യമായ നൈസാര്‍ ഉപഗ്രഹം പ്രവർത്തന സജ്ജമായിക്കൊണ്ടിരിക്കുന്നു. ആക്‌സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) സന്ദര്‍ശിച്ച ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഉടൻ രാജ്യത്ത് തിരിച്ചെത്തും. ദേശീയ ബഹിരാകാശ ദിനത്തിന് മുമ്പ് ശുഭാംശുവിന്‍റെ മടങ്ങിവരവുണ്ടാകുമെന്നും ഡോ.വി നാരായണൻ കൂട്ടിച്ചേര്‍ത്തു.