ഏഷ്യ കപ്പിൽ ഒമാനെതിരെ യു എ ഇയ്ക്ക് 42 റൺസിന്റെ മിന്നും ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യു എ ഇ 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഒമാൻ 18.4 ഓവറിൽ 130 റൺസിന് ഓൾ ഔട്ടായി.
യു എ ഇയ്ക്ക് വേണ്ടി അലിഷാൻ ഷറഫുവും മുഹമ്മദ് വസീമും അർധ സെഞ്ച്വറി നേടി. ഷറഫു 38 പന്തിൽ ഒരു സിക്‌സറും ഏഴ് ഫോറുകളും അടക്കം 51 റൺസാണ് നേടിയത്. 54 പന്തിൽ മുഹമ്മദ് വസീം 69 റൺസ് നേടി. മൂന്ന് സിക്‌സറും ആറ് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. അലിഷാൻ ഷറഫുവാണ് കളിയിലെ താരം.
ഒമാന് വേണ്ടി ജതീന്ദർ സിങ് (20), ആര്യൻ ബിഷ്ത്(24), വിനായക് ശുക്ല (20 ) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. യു എ ഇ യ്ക്ക് വേണ്ടി ജുനൈദ് സിദ്ധീഖ് നാലോവറിൽ 23 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടി.