കേസ് ആദ്യം പരിഗണിച്ചിരുന്നത് ജസ്റ്റിസ് സുബ്രഹ്മണ്യ പ്രസാദിൻ്റെ ബെഞ്ചായിരുന്നു. ഈ ബെഞ്ചിലേക്കാണ് കേസ് വീണ്ടും മാറ്റിയിരിക്കുന്നത്. കേസ് ആദ്യം പരിഗണിച്ചിരുന്ന സുബ്രഹ്‌മണ്യ പ്രസാദിന്റെ ബെഞ്ചിൽ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സിഎംആർഎല്ലിന് വേണ്ടി ഹാജരായിരുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഉന്നയിച്ചിരുന്നു. എന്നാൽ, സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി അന്ന് വിസമ്മതിച്ചിരുന്നു.
കേസ് അന്വേഷിക്കുന്ന എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കില്ല എന്ന് വാക്കാൽ ഉറപ്പുനൽകിയിരുന്നുവെന്നാണ് കപിൽ സിബൽ ഇന്ന് കോടതിയിൽ വാദിച്ചത്. ഈ സാഹചര്യത്തിൽ എസ്എഫ്ഐഒയുടെ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് സിബൽ കോടതിയിൽ ആവശ്യപ്പെട്ടു. അതേസമയം ഇന്ന് കേസിൽ വാദം കേട്ട ജസ്റ്റിസ് ഗിരീഷ് കത്പാലിയ ഇത്തരമൊരു ഉറപ്പിൻ്റെ കാര്യത്തെക്കുറിച്ച് തനിക്ക് അറിവില്ല എന്ന് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കേസ് ആദ്യം പരിഗണിച്ചിരുന്ന ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് മാറ്റണമെന്ന് ആവശ്യം ഉയർന്നത്. ഈ ആവശ്യം അംഗീകരിച്ച ജസ്റ്റിസ് കത്പാലിയ കേസ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് തിരിച്ചുവിടുകയായിരുന്നു