ചൈനയിൽ ഷാങ്‌സി പ്രവിശ്യയിലെ വുക്കി കൗണ്ടിയിലാണ് പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടായത്. ഇതേ തുടർന്ന് പ്രദേശത്തെ ഒരു സ്വർണ്ണക്കടയിൽ നിന്നും 20 കിലോഗ്രാമോളം സ്വർണ്ണം, വെള്ളി ആഭരണങ്ങൾ ഒഴുകിപ്പോവുകയായിരുന്നു. സ്വർണവും വെള്ളിയും കണ്ടെത്താനായി മെറ്റൽ ഡിറ്റക്ടറുമായി ആളുകൾ തിരച്ചിലിനിറങ്ങി.
ലാവോഫെങ്‌സിയാങ് സ്വർണ്ണക്കടയുടെ ഉടമ യേ പറയുന്നത്, ജൂലൈ 25 -നുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ജ്വല്ലറിയുടെ ഡിസ്പ്ലേ കാബിനെറ്റിലുണ്ടായിരുന്ന ആഭരണങ്ങൾ മുഴുവനായും ഒഴുകിപ്പോയി എന്നാണ്.
യേ കണക്കാക്കിയത് പ്രകാരം അദ്ദേഹത്തിന് 20 കിലോഗ്രാം സ്വർണ്ണം, വജ്രം, വെള്ളി ആഭരണങ്ങളും ജേഡുകൾ കൊണ്ടുള്ള വസ്തുക്കളും നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ്. രാത്രിമുഴുവനും കടയിൽ ജീവനക്കാർ കാവലുണ്ടായിരുന്നു. അതിനാൽ തന്നെ രാത്രിയിൽ ആഭരണങ്ങൾ പ്രദർശിപ്പിച്ചിരുന്ന കാബിനെറ്റ് പൂട്ടിയിട്ടില്ലെന്നും യേ പറയുന്നു.
ജൂലൈ 25 -ന് രാവിലെ, ജീവനക്കാർ കട തുറക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ട് എന്ന മുന്നറിയിപ്പുകൾ ലഭിച്ചത്. കടയിൽ നിന്ന് ഉടനടി ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടു. എന്നാൽ, വെള്ളപ്പൊക്കം ഉണ്ടാകുന്നതിന് മുമ്പ് സ്വർണ്ണം, വെള്ളി ആഭരണങ്ങൾ ലോക്കറുകളിലേക്ക് സുരക്ഷിതമായി മാറ്റി സൂക്ഷിക്കാൻ അവർക്ക് സമയം കിട്ടിയില്ല.
മിനിറ്റുകൾക്കുള്ളിൽ വെള്ളം ജ്വല്ലറിക്കകത്തേക്ക് അടിച്ചുകയറുകയും ആഭരണങ്ങൾ ഒഴുകിപ്പോവുകയുമായിരുന്നു. വെള്ളം ഇറങ്ങിപ്പോയപ്പോഴാണ് യേ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി തിരിച്ചറിയുന്നത്. എല്ലാം വിലപിടിപ്പുള്ള ആഭരണങ്ങളായിരുന്നു. ഏകദേശം 12 കോടിയുടെ നഷ്ടമാണ് യേ കണക്കാക്കുന്നത്.
വെള്ളമിറങ്ങിയ ഉടനെ ആഭരണങ്ങൾക്കായി തിരഞ്ഞെങ്കിലും ആകെ ഒരു കിലോ ആണ് തിരിച്ചു കിട്ടിയത്. അത് തന്നെ പലതും പ്രദേശത്ത് നിന്നുള്ളവർ കിട്ടിയപ്പോൾ തിരികെ കൊടുത്തതാണ്. ചിലർക്കൊക്കെ ആഭരണങ്ങൾ കിട്ടിയെങ്കിലും പലരും തിരികെ തരാൻ തയ്യാറായില്ല എന്നും കിട്ടിയ വിവരം മറച്ചുവച്ചുവെന്നും യേയും മകനും പറയുന്നു.