ഇന്ത്യ-ന്യൂസിലാൻഡ് ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്ന് തിരുവനന്തപുരം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. അവസാന മത്സരത്തിന് മുൻപ് ഇന്ത്യ ആദ്യ ഇലവനെ തന്നെ ഇറക്കാനാണ് സാധ്യത. പരിക്കേറ്റിരുന്ന ഇഷാൻ കിഷനും അക്സർ പട്ടേലും കളിക്കാനെത്തിയേക്കും. ഹാർദിക് പാണ്ഡ്യയ്ക്ക് വിശ്രമം നല്‍കാനും സാധ്യതയുണ്ട്.
വിശാഖപട്ടണത്ത് നടന്ന നാലാം ടി20യില്‍ ഇന്ത്യ കനത്ത തോല്‍വി വഴങ്ങിയെങ്കിലും, ടി20 ലോകകപ്പിനുള്ള പ്രധാന ഫേവറിറ്റുകളായി മാറിക്കഴിഞ്ഞു ഇന്ത്യ.
വിശാഖപട്ടണത്തെ മത്സരം ചില പോസിറ്റീവ് സൂചനകളും നല്‍കി. കുല്‍ദീപ് യാദവും സഞ്ജു സാംസണും ഫോം വീണ്ടെടുക്കുന്ന ലക്ഷണങ്ങള്‍ കാട്ടിയപ്പോള്‍, അഭിഷേക് ശർമ്മ തന്റെ ആക്രമണ ശൈലി തുടർന്നു. ആദ്യ പന്തില്‍ പുറത്തായെങ്കിലും, അതേ സമീപനമാണ് ടീം മാനേജ്മെന്റ് ആവശ്യപ്പെടുന്നതെന്ന് ബാറ്റിംഗ് കോച്ച് സിതാംശു കോട്ടക് വ്യക്തമാക്കി.
ന്യൂസിലാൻഡിന് ഫിൻ അലന്റെ മടങ്ങിവരവ് വലിയ ആശ്വാസമാണ്. ടിം സീഫർത്തിന്റെ ഫോം ഇന്ത്യക്ക് വെല്ലുവിളിയാകും. ചെറിയ ഗ്രൗണ്ടും ഫ്ലാറ്റ് പിച്ചും, രണ്ടാം ഇന്നിങ്സില്‍ ഡ്യൂവിന്റെ സാധ്യതയും മത്സരത്തെ ഹൈസ്കോറിംഗ് ആക്കുമെന്നാണ് വിലയിരുത്തല്‍. ടി20 ലോകകപ്പിന് മുന്നോടിയായ ഈ അവസാന പരീക്ഷണത്തില്‍, ആത്മവിശ്വാസവും മോമെന്റവും സ്വന്തമാക്കുക എന്നതാണ് ഇരുടീമുകളുടെയും ലക്ഷ്യം.












































































