തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുഗമവുമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ജില്ലയിലെ ഒൻപത് നിയമസഭാ മണ്ഡലങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ ഒൻപതിന് രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. ചങ്ങനാശേരി, പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം, കടുത്തുരുത്തി, പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നീ നിയോജക മണ്ഡലങ്ങളിലായി 60 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ആകെയുള്ള 1505985 വോട്ടർമാരിൽ 772587 സ്ത്രീകളും 733385 പുരുഷൻമാരും ട്രാൻസ് ജെൻഡർ വിഭാഗത്തിൽ പെട്ട 13 പേരും ഉൾപ്പെടുന്നു.

• 1791 പോളിംഗ് സ്റ്റേഷനുകൾ, 8608 ഉദ്യോഗസ്ഥർ
ജില്ലയിൽ 1791 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. പാലാ-217, കടുത്തുരുത്തി-205, വൈക്കം-180, ഏറ്റുമാനൂർ-177, കോട്ടയം-188, പുതുപ്പള്ളി-201, ചങ്ങനാശേരി-205, കാഞ്ഞിരപ്പള്ളി-200, പൂഞ്ഞാർ-218 എന്നിങ്ങനെയാണ് പോളിംഗ് സ്റ്റേഷനുകളുടെ നിയോജക മണ്ഡലം തിരിച്ചുള്ള കണക്ക്.
എല്ലാ മണ്ഡലങ്ങളിലുമായി പോളിംഗ് ജോലിക്ക് 8608 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. 2152 വീതം പ്രിസൈഡിംഗ് ഓഫീസർമാരും ഒന്നാം പോളിംഗ് ഓഫീസർമാരും 4304 പോളിംഗ് ഓഫീസർമാരുമാണുള്ളത്. ജില്ലയിൽ 187 സെക്ടറൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. ക്രിട്ടിക്കൽ പോളിംഗ് സ്റ്റേഷനുകളിൽ നിരീക്ഷണത്തിന് 56 മൈക്രോ ഒബ്‌സർവർമാരുണ്ട്.
• മണ്ഡലങ്ങളിലെ വോട്ടർമാർ
ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം.
1. പാലാ-175747 (പുരുഷൻമാർ-85585, സ്ത്രീകൾ-90162, ട്രാൻസ് ജെൻഡർ-0)
2. കടുത്തുരുത്തി -175466 (പുരുഷൻമാർ-85561, സ്ത്രീകൾ-89904, ട്രാൻസ് ജെൻഡർ-1)
3. വൈക്കം-155557 (പുരുഷൻമാർ-75777, സ്ത്രീകൾ- 79777, ട്രാൻസ് ജെൻഡർ-3)
4. ഏറ്റുമാനൂർ -157788 (പുരുഷൻമാർ-77140, സ്ത്രീകൾ-80647, ട്രാൻസ് ജെൻഡർ-1)
5. കോട്ടയം -148745 (പുരുഷൻമാർ-71588, സ്ത്രീകൾ-77156, ട്രാൻസ് ജെൻഡർ-1)
6. പുതുപ്പള്ളി-169844 (പുരുഷൻമാർ-82717, സ്ത്രീകൾ-87122, ട്രാൻസ് ജെൻഡർ-5)
7.ചങ്ങനാശേരി -161816 (പുരുഷൻമാർ-78038, സ്ത്രീകൾ-83776, ട്രാൻസ് ജെൻഡർ-2)
8.കാഞ്ഞിരപ്പള്ളി -176900 (പുരുഷൻമാർ-85866, സ്ത്രീകൾ-91034, ട്രാൻസ്‌ജെൻഡർ-0)
9. പൂഞ്ഞാർ-184122 (പുരുഷൻമാർ 91113, സ്ത്രീകൾ-93009, ട്രാൻസ് ജെൻഡർ-0)
• പോളിംഗ് സാമഗ്രികളുടെ വിതരണം ഏപ്രിൽ എട്ടിന്
വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഏപ്രിൽ എട്ടിന് നിയോജകമണ്ഡലങ്ങളിലെ വിതരണകേന്ദ്രങ്ങളിൽ നടക്കും. 2241 വീതം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും 2420 വിവി പാറ്റ് യന്ത്രങ്ങളുമാണ് വോട്ടെടുപ്പിന് വേണ്ടത്. പോളിംഗ് സാമഗ്രികളും ഉദ്യോഗസ്ഥരെയും വിതരണ കേന്ദ്രങ്ങളിൽനിന്ന് വിവിധ പോളിംഗ് സ്റ്റേഷനുകളിലെത്തിക്കുന്നതിന് 259 ബസുകൾ,89 മിനി ബസുകൾ,147 ട്രാവലർ,108 കാർ/ജീപ്പ്(ഏഴു സീറ്റ്) എന്നിങ്ങനെ വാഹനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. കരുതലായി 62 വാഹനങ്ങളും സെക്ടറൽ ഓഫീസർമാർക്ക് ഉപയോഗിക്കുന്നതിനായി 187 വാഹനങ്ങളും ഉണ്ട്.
വിതരണ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ.
o പാലാ -കാർമ്മൽ പബ്ലിക് സ്‌കൂൾ, പാലാ
o കടുത്തുരുത്തി- സെന്റ് വിൻസെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, പാലാ.
o വൈക്കം-സത്യാഗ്രഹ മെമ്മോറിയൽ ശ്രീനാരായണ എച്ച്.എസ്.എസ്, വൈക്കം.
o ഏറ്റുമാനൂർ-സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ, അതിരമ്പുഴ
o കോട്ടയം- എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ ,കോട്ടയം
o പുതുപ്പള്ളി- ഡോൺബോസ്‌കോ സെൻട്രൽ സ്‌കൂൾ, പുതുപ്പള്ളി
o ചങ്ങനാശേരി- എസ്.ബി ഹയർ സെക്കൻഡറി സ്‌കൂൾ, ചങ്ങനാശേരി
o കാഞ്ഞിരപ്പള്ളി-സെന്റ് ഡൊമിനിക്‌സ് കോളജ്, കാഞ്ഞിരപ്പള്ളി
o പൂഞ്ഞാർ-സെന്റ് ജോർജ് കോളജ്, അരുവിത്തുറ.
• എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ്
ജില്ലയിലെ 1791 പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സജ്ജമാക്കിയിട്ടുണ്ട്. വോട്ടെടുപ്പുദിവസം രാവിലെ മോക്‌പോളിംഗ് ആരംഭിക്കുന്നതു മുതൽ നടപടികൾ പൂർത്തീകരിച്ച് വോട്ടിംഗ് യന്ത്രങ്ങൾ പെട്ടിയിലാക്കുന്നതുവരെയുള്ള ബൂത്തുകളിലെ നടപടികൾ കളക്ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം വീക്ഷിക്കുന്നതിനുള്ള ക്രമീകരണമാണുള്ളത്.
• ഒൻപത് പിങ്ക് ബൂത്തുകൾ
ജില്ലയിലെ എല്ലാ നിയോജക മണ്ഡലത്തിലും ഒന്നുവീതം പിങ്ക് ബൂത്തുകൾ ക്രമീകരിച്ചിട്ടുണ്ട്. ഈ ബൂത്തുകളിൽ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നവരും സുരക്ഷാ ചുമതലയുള്ളവരും ഉൾപ്പെടെ എല്ലാ ഉദ്യോഗസ്ഥരും വനിതകളായിരിക്കും. ഉദ്യോഗസ്ഥർക്ക് താമസത്തിനുൾപ്പെടെ കൂടുതൽ സൗകര്യങ്ങൾ ഇവിടെ ഒരുക്കും. ഓരോ മണ്ഡലത്തിലെയും പിങ്ക് ബൂത്തുകളുടെ വിവരം ചുവടെ. ബൂത്ത് നമ്പർ ബ്രാക്കറ്റിൽ.
പാലാ- സെന്റ് വിൻസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, കിഴതടിയൂർ,പാലാ(156)
കടുത്തുരുത്തി- സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്‌കൂൾ കുര്യനാട്(108)
വൈക്കം- സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂൾ, വൈക്കം(95)
ഏറ്റുമാനൂർ- ഗവണ്മെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഏറ്റുമാനൂർ(67)
കോട്ടയം- സാന്തോം സ്‌കൂൾ, വടവാതൂർ(54)
പുതുപ്പള്ളി- ഗവണ്മെന്റ് ടി.എച്ച്.എസ്,വെള്ളൂർ(100)
ചങ്ങനാശേരി- സെന്റ് മേരീസ് എൽ.പി. സ്‌കൂൾ, വെരൂർ(51)
കാഞ്ഞിരപ്പള്ളി- സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ, കാഞ്ഞിരപ്പള്ളി(28)
പൂഞ്ഞാർ- മ്യൂസിയം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, നടയ്ക്കൽ, ഈരാറ്റുപേട്ട(11)
• ഭിന്നശേഷി സൗഹൃദ ബൂത്ത്
കോട്ടയം ജില്ലയിൽ കോട്ടയം നഗരസഭയിലെ വേളൂർ അങ്കണവാടിയിലെ ബൂത്താണ് (നമ്പർ-95 ) നൂറു ശതമാനം ഭിന്നശേഷി ബൂത്തായി ക്രമീകരിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരായ ജീവനക്കാരായിരിക്കും ഇവിടെ പോളിംഗ് ജോലികൾ നിർവഹിക്കുക. ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് വിശ്രമിക്കുന്നതിന് ഉൾപ്പെടെയുള്ള സൗകര്യം ഇവിടെ ഒരുക്കും.
• ഹരിത ബൂത്തുകൾ
ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളും ഹരിതചട്ടം പാലിച്ചായിരിക്കും പ്രവർത്തിക്കുക. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കും. മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള ബിന്നുകൾ എല്ലായിടത്തും ക്രമീകരിക്കുന്നുണ്ട്.
• മൊബൈൽ ഫോൺ സൂക്ഷിക്കാൻ സൗകര്യം
പോളിംഗ് സ്റ്റേഷനുള്ളിൽ
• സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും വിപുല ക്രമീകരണങ്ങൾ
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിനും തെരഞ്ഞെടുപ്പ് നടപടികളുടെ സുരക്ഷയ്ക്കുമായി പോലീസ് വിപുലമായ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ 32 സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ കീഴിലും രണ്ട് പട്രോളിംഗ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പോളിംഗ് ബൂത്തുകൾ കേന്ദ്രീകരിച്ച് ഗ്രൂപ്പ് പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ഡിവൈ.എസ്.പിമാരുടെ കീഴിലുള്ള സ്‌ട്രൈക്കർ ഫോഴ്‌സുകളും ജില്ലാ പോലീസ് മേധാവി നേരിട്ട് നിയന്ത്രിക്കുന്ന സ്‌ട്രൈക്കർ ഫോഴ്‌സും പ്രവർത്തിക്കുന്നുണ്ട്. ആകെ 4577 പോലീസ് ഉദ്യോഗസ്ഥരെയാണ് ക്രമസമാധാന പാലത്തിനും സുരക്ഷക്കുമായി നിയോഗിച്ചിട്ടുള്ളതെന്ന് ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് പറഞ്ഞു. 14 ഡിവൈ.എസ്.പി മാരുടെ നേതൃത്വത്തിൽ 1717 സ്പെഷ്യൽ ഓഫീസർമാരുടെ മേൽനോട്ടത്തിലാണ് പോലീസ് സേനയെ വിന്യസിക്കുന്നത്.
പോളിംഗിനു ശേഷം കളക്ഷൻ സെന്ററുകളിലാണ് വോട്ടിംഗ് മെഷീനുകൾ എത്തിക്കുക. നാലു മണ്ഡലങ്ങളിൽ കളക്ഷൻ സെന്ററിൽതന്നെയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. അഞ്ചു മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റേണ്ടതുണ്ട്. ഒൻപതാം തീയതി തന്നെ ഇവ മാറ്റുന്നതിന് കേന്ദ്ര സായുധ പോലീസ് സേനയും പോലീസും സുരക്ഷയൊരുക്കും.
• വീടുകളിൽ വോട്ട് ചെയ്തത് 15702 പേർ
ജില്ലയിൽ അസന്നിഹിത വോട്ടർമാർക്കുള്ള വോട്ടെടുപ്പിൽ 15702 പേർ വീടുകളിൽ വോട്ട് ചെയ്തു. ഏപ്രിൽ നാലു വരെയുള്ള കണക്കാണിത്. 85 വയസു പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കുമാണ് വീട്ടിൽ വോട്ടിന് സൗകര്യമൊരുക്കിയിരുന്നത്. 85 വയസു പിന്നിട്ട 11636 പേരും ഭിന്നശേഷിക്കാരായ 4066 പേരുമാണ് വോട്ട് ചെയ്തത്. അവശ്യസർവീസ് വിഭാഗങ്ങളിൽ പെട്ടവർക്കുള്ള തപാൽ ബാലറ്റ് വോട്ടെടുപ്പിൽ 1549 പേർ വോട്ടു ചെയ്തു.
• പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം
വോട്ടെടുപ്പ് ദിവസവും തലേന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടത്തിലെ ചുവടെ പറയുന്ന നിർദേശങ്ങൾ പാലിക്കണം.
o സമാധാനവും ചിട്ടയും ഉറപ്പാക്കാനും ഒരുതരത്തിലുമുള്ള ഭീഷണിയോ തടസമോ ഇല്ലാതെ ജനങ്ങൾക്ക് പൂർണസ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനും തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കണം.
o സമ്മതിദായകർക്ക് കൈക്കൂലി നൽകുക, ഭീഷണിപ്പെടുത്തുക, വ്യാജവോട്ട് രേഖപ്പെടുത്തുക, പോളിംഗ് സ്റ്റേഷന്റെ 100 മീറ്റർ പരിധിക്കുള്ളിൽ വോട്ടു തേടുക, വോട്ടെടുപ്പ് അവസാനിക്കാൻ നിശ്ചയിച്ചിട്ടുള്ളതിന് 48 മണിക്കൂർ പരിധിക്കുള്ളിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കുക, പോളിംഗ് സ്റ്റേഷനിലേക്കും തിരിച്ചും വോട്ടർമാർക്ക് യാത്രാസൗകര്യമൊരുക്കുക തുടങ്ങി തെരഞ്ഞെടുപ്പ് നിയമപ്രകാരം കുറ്റകരമായി കാണുന്ന നടപടികൾ ഒഴിവാക്കണം.
o അംഗീകൃത പ്രവർത്തകർക്ക് ബാഡ്ജുകളും തിരിച്ചറിയൽ കാർഡുകളും നൽകണം
o സമ്മതിദായകർക്ക് വിതരണം ചെയ്യുന്ന സ്‌ളിപ്പുകൾ വെള്ളക്കടലാസിൽ ആയിരിക്കണം. ചിഹ്നമോ സ്ഥാനാർഥിയുടെ പേരോ കക്ഷിയുടെ പേരോ ഇതിൽ ഉണ്ടാകാൻ പാടില്ല.
o പോളിംഗ് ബൂത്തുകളുടെ പരിസരത്തും രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും സജ്ജീകരിക്കുന്ന ക്യാമ്പുകൾക്കു സമീപവും അനാവശ്യ ആൾക്കൂട്ടം പാടില്ല.
o സ്ഥാനാർഥികളുടെ ക്യാമ്പുകൾ ആർഭാടരഹിതമാകണം. അവിടെ ചുവർ പരസ്യങ്ങളോ കൊടികളോ ചിഹ്നമോ മറ്റു പ്രചരണ വസ്തുക്കളോ പ്രദർശിപ്പിക്കാനോ ആഹാര പദാർഥങ്ങൾ വിതരണം ചെയ്യാനോ പാടില്ല.
o വോട്ടെടുപ്പ് ദിവസം വാഹനങ്ങൾ ഓടിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കണം. പെർമിറ്റ് വാങ്ങി വാഹനങ്ങളിൽ പ്രദർശിപ്പിക്കണം.
o സമ്മതിദായകർ ഒഴികെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെയോ ജില്ലാ ഇലക്ഷൻ ഓഫീസറുടെയോ നിയമാനുസൃത പാസ് ഇല്ലാത്ത ആരും പോളിംഗ് ബൂത്തുകളിൽ പ്രവേശിക്കരുത്.
• തിരിച്ചറിയൽ കാർഡ് നിർബന്ധം
o വോട്ടുചെയ്യുന്നതിനുള്ള പ്രധാന തിരിച്ചറിയൽ രേഖ ഫോട്ടോ പതിച്ച വോട്ടർ കാർഡാണ്. ഇത് ഹാജരാക്കാൻ സാധിക്കാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച രേഖകളും തിരിച്ചറിയലിനായി ഹാജരാക്കാം. താഴെപ്പറയുന്ന തിരിച്ചറിയൽ രേഖകൾ ഇതിനായി ഉപയോഗിക്കാം.
o ആധാർ കാർഡ്
o മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയൽ കാർഡ്
o ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്
o തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നൽകിയിട്ടുള്ള ആരോഗ്യപരിരക്ഷാ സ്മാർട്ട് കാർഡ്
o ഡ്രൈവിംഗ് ലൈസൻസ്
o പാൻകാർഡ്
o ദേശീയ ജനസംഖ്യ രജിസ്റ്ററിനു കീഴിൽ(എൻ.പി.ആർ) രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ(ആർ.ജി.ഐ.) നൽകിയ സ്മാർട്ട് കാർഡ്
o ഇന്ത്യൻ പാസ്‌പോർട്ട്
o ഫോട്ടോ പതിച്ച പെൻഷൻ രേഖ
o കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ/പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ ജീവനക്കാർക്കു നൽകുന്ന സർവീസ് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്
o എം.പി/എം.എൽ.എ/എം.എൽ.സി. എന്നിവർക്കു നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ്
o ഭാരതസർക്കാർ സാമൂഹികനീതി- ശാക്തീകരണമന്ത്രാലയം നൽകുന്ന സവിശേഷ ഭിന്നശേഷി തിരിച്ചറിയൽ കാർഡ്
• വിപുലമായ പ്രചാരണം നടത്തി സ്വീപ്
നിയമസഭാ തെരഞ്ഞെടുപ്പിൽ പരമാവധി വോട്ടർമാരെ ബൂത്തിൽ എത്തിക്കുന്നതിന് ലക്ഷ്യമിടുന്ന വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ഭാഗമായി വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ ജില്ലയിൽ നടത്തുകയുണ്ടായി. ജില്ലാതലത്തിലും പ്രാദേശിക തലത്തിലും നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടി. ജില്ലയുടെ സ്വീപ് ജെൻ സി ആൻതം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും നിരവധി പ്രമുഖരും സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തു. അണ്ടർ -19 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അംഗം ആരോൺ ജോർജ് ജില്ലയുടെ സ്വീപ് അംബാസഡാറായി എത്തി. കുമരകം കായലിൽ നടത്തിയ ഹൗസ് ബോട്ട് റാലി, മൈലാടിയിൽ നടന്ന സൗഹൃദ ക്രിക്കറ്റ് മത്സരം, മീനച്ചിലാറ്റിൽ സംഘടിപ്പിച്ച ജലമേള, കോട്ടയം-വാഗമൺ ബുള്ളറ്റ് റാലി, പൂഞ്ഞാർ എലിവാലിക്കരയിൽ നടത്തിയ മെഗാ വടംവലി, യുവ വോട്ടർമാർക്കായി ഒരുക്കിയ ഓൺലൈൻ പ്രതിജ്ഞാ പ്ലാറ്റ്‌ഫോം തുടങ്ങിയവ ഏറെ ശ്രദ്ധ നേടിയിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നോഡൽ ഓഫീസറായ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ലിറ്റി ജോസഫും പത്രസമ്മേളനത്തിൽ പങ്കെടുത്തു.













































































