തമിഴ്നാട്: മധുരയിലെ പാലമേടിൽ നടക്കുന്ന ജെല്ലിക്കെട്ട് ആഘോഷത്തിന്റെ രണ്ടാം ദിനം ആരംഭിക്കുന്നതിനിടെ കാളയെ മെരുക്കാനെത്തിയ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ ഉടൻ തന്നെ അടുത്തുളള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു ചികിത്സ നൽകി. രണ്ടാം ദിനം വാടിവാസലിൽ നിന്നുളള 800 കാളകളും 335 കാളകളെ പിടികൂടുന്നവരും മത്സരത്തിൽ പങ്കെടുക്കും. ഒരേ സമയം 25 കാളകളെ മെരുക്കുന്നവരാണ് അരങ്ങിൽ ഉണ്ടാകുക. പരമാവധി 45 മിനിറ്റാണ് ഇവർക്ക് മത്സരത്തിനായി അനുവദിച്ചിട്ടുള്ളത്. 160 മെഡിക്കൽ പ്രൊഫഷണലുകൾ, 6 മൊബൈൽ ആംബുലൻസ് യൂണിറ്റുകൾ, 60 മൃഗഡോക്ടർമാർ എന്നിവരെ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി വേദിയിൽ വിന്യസിച്ചിട്ടുണ്ട്. ഇത് കൂടാതെ 1500 പോലീസുകാരെയും മേഖലയിൽ ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുണ്ട്.
