ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ അടുത്തിടെ അവസാനിച്ച ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച പരമ്പരയായി തോന്നിയില്ലെന്ന് ഇംഗ്ലണ്ട് മുൻ താരം മൈക്കൽ ആതർട്ടൺ. ഇത് ഏറ്റവും മികച്ച പരമ്പരയാണോ അതോ 2005ലെ ആഷസിനേക്കാൾ മികച്ചതാണോ എന്ന മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈന്റെ ചോദ്യത്തിനാണ് മൈക്കൽ ആതർട്ടൺ പ്രതികരിച്ചത്. ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിൽ ആതർട്ടണും നാസറും കമന്റേറ്റർമാരായിരുന്നു.
'2005 ലെ ആഷസ് പോലെ ഗുണനിലവാരം മികച്ചതായിരുന്നുവെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ 2005 ന് ശേഷമുള്ള ഏറ്റവും മികച്ച പരമ്പരയായിരുന്നു ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ളത് ', ആതർട്ടൺ പറഞ്ഞു. അതേ സമയം അഞ്ചു ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര എല്ലാ വിധ ചേരുവകൾ കൊണ്ടും ഒത്തുവന്ന പരമ്പരയായിരുന്നു. ആക്ഷനും ഡ്രാമയും ത്രില്ലറുമൊക്കെ നിറഞ്ഞ മത്സരങ്ങളായിരുന്നു മുഴുവനും. പരിക്കിൽ നിന്നുമുള്ള റിഷഭ് പന്തിന്റെയും ക്രിസ് വോക്‌സിന്റെയും ഉയിർച്ചയ്ക്കും പരമ്പര സാക്ഷിയായി. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അടക്കമുള്ള യുവ നിരയുടെ പോരാട്ട വീര്യവും ഇംഗ്ലണ്ട് നിരയുടെ തിരിച്ചടിയും കണ്ട പരമ്പര 2 -2 ന്റെ സമനിലയിലായി.