ന്യൂഡൽഹി: രാജ്യത്ത് 14 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു. തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് 14 ആപ്പുകൾ നിരോധിച്ചത്. ഈ ആപ്പുകൾ പാക്കിസ്ഥാനിൽ നിന്നും സന്ദേശങ്ങൾ സ്വീകരിക്കാൻ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജമ്മു കശ്മീരിലെ ഭീകരർ ഈ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആപ്പുകൾ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഉപയോഗിക്കുന്ന ആപ്പുകളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ട്രാക്കു ചെയ്യുന്നത് എളുപ്പമല്ല.
ഇതോടെ ഇന്ത്യൻ നിയമങ്ങൾ പാലിക്കാത്തതും ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നതുമായ ആപ്പുകളുടെ പട്ടിക തയ്യാറാക്കുകയായിരുന്നു. പട്ടിക തയ്യാറാക്കിയ ശേഷം, ഈ മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കണമെന്ന അപേക്ഷ ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിച്ചു. ഇതിന് ശേഷമാണ് 14 ആപ്പുകൾ നിരോധിക്കാൻ കേന്ദ്രം തീരുമാനമെടുത്തത്. 2000ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 69 എ പ്രകാരമാണ് ഇത്തം മൊബൈൽ ആപ്പുകൾ ബ്ലോക്ക് ചെയ്തതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേന്ദ്രസർക്കാർ നിരോധിച്ച ആപ്പുകൾ താഴെപ്പറയുന്നവയാണ്.
01. Crypviser
02. Enigma
03. Safeswiss
04. Wickrme
05. Mediafire
06. Briar
07. BChat
08. Nandbox
09. Conion
10. IMO
11. Element
12. Second line
13. Zangi
14. Threema