ലൈംഗികാത്രിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെ തള്ളി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമെന്ന് മന്ത്രി വ്യക്തമാക്കി. സിനിമയിലെ സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് രഞ്ജിത്തിന് ഉയര്‍ന്ന പദവി നല്‍കിയത്. ഇത്തരം പരാതികള്‍ ആവര്‍ത്തിക്കുന്നത് ഗൗരവമുള്ള കാര്യമാണെന്നും സജി ചെറിയാൻ പ്രതികരിച്ചു. ദുരനുഭവം ഉണ്ടായവര്‍ മുന്നോട്ട് വരാന്‍ തയ്യാറാകണമെന്നും ഏത് ഉന്നതനായാലും സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രഞ്ജിത്തിനെതിരായ പരാതി ഗൗരവതരമെന്ന് സജി ചെറിയാൻ പറഞ്ഞു. രഞ്ജിത്തിന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അംഗീകരിക്കാനാകില്ല. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിയമനിർമാണം നടത്തുമെന്നും മന്ത്രി അറിയിച്ചു. ഏതെങ്കിലും സ്ഥലത്തേക്ക് ഒരാളെ എടുക്കുമ്പോൾ അയാളുടെ ആ രംഗത്തെ കഴിവാണ് നോക്കുന്നത്. സിനിമാരംഗത്ത് ശ്രദ്ധേയമായി പ്രവർത്തിച്ചിട്ടുള്ള ആളാണ് എന്ന് കരുതിയാണ് രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി അത്തരം സ്ഥാനം കൊടുത്തത്. വീണ്ടും അത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഗൗരവതരമാണ്. അയാൾ തെറ്റ് ചെയ്തത് ആ സ്ഥാപനത്തിൻ്റെ ചുമലിലേക്ക് വയ്ക്കേണ്ട. ആക്ഷേപം വന്നപ്പോൾ തന്നെ കൃത്യമായ നിലപാടെടുത്തു. തുടർച്ചയായി ഇത്തരം സംഭവമുണ്ടാകുന്നത് മ്ലേച്ഛകരമാണെന്നും മന്ത്രി വിമർശിച്ചു.
സിനിമാ കോണ്‍ക്ലേവിന് ശേഷം ഇത്തരം അതിക്രമങ്ങൾ കുറഞ്ഞിരുന്നു. ഇപ്പോൾ പരാതി വന്ന ഉടനെ നടപടിയെടുത്തു. ദുരനുഭവം ഉണ്ടായവർ മുന്നോട്ട് വരാൻ തയ്യാറാകണമെന്നും സജി ചെറിയാൻ പറഞ്ഞു. ഏതെങ്കിലും തരത്തിൽ പരാതി പിൻവലിച്ച് പോകുകയല്ല വേണ്ടത്. ബോൾഡ് ആയി നേരിടണം. അതിനാണ് പ്രഗത്ഭരായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.














































































