ബന്ദിപ്പൂർ: വന്യമൃഗശല്യം പെരുകിയ സാഹചര്യത്തിൽ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ കോർഡിനേഷൻ യോഗം ബന്ദിപ്പൂരില്‍ പൂര്‍ത്തിയായി. കേരള വനംമന്ത്രി എ.കെ. ശശീന്ദ്രൻ, കർണാടക വനംമന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. തമിഴ്നാട്ടിൽ നിന്ന് മുതുമലൈ ഫീല്‍ഡ് ഡയറക്ടറായ മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥനാണ് എത്തിയത്.
വന്യമൃഗശല്യം തടയാൻ ഏതെല്ലാം തലത്തിൽ സഹകരണം സാധ്യമാകുമെന്നാണ് യോഗം പ്രധാനമായും വിലയിരുത്തിയത്. യോഗത്തില്‍ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി കേരളവും കര്‍ണാടകവും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ ചാര്‍ട്ടറിൽ ഒപ്പിട്ടു. കേരള, കര്‍ണാടക വനംവകുപ്പ് മന്ത്രിമാരാണ് ചാര്‍ട്ടറില്‍ ഒപ്പിട്ടത്. തമിഴ്നാട്ടില്‍ നിന്നുള്ള വനംമന്ത്രി എം. മതിവേന്ദൻ യോഗത്തില്‍ എത്താത്തതിനാല്‍ ഒപ്പിട്ടിട്ടില്ല.
വന്യമൃഗശല്യത്തില്‍ വേഗത്തിലുള്ള ഇടപെടലിനും ഏകോപനത്തിനുമായി അന്തര്‍സംസ്ഥാന ഏകോപന സമിതിയും രൂപവത്കരിക്കാൻ യോഗത്തില്‍ തീരുമാനിച്ചു.
മനുഷ്യ, വന്യമൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുക. വന്യമൃഗ ശല്യത്തിന്‍റെ അടിസ്ഥാന കാരണം കണ്ടെത്തുക. പ്രശ്നം ലഘൂകരിക്കുന്നതിനുള്ള വഴികള്‍ തേടുക. പ്രശ്നങ്ങളില്‍ നടപടിയെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കുക. അതിവേഗ ഇടപെടലിന് നടപടിയെടുക്കുക. വിഭവ സഹകരണം വിവരം വേഗത്തിൽ കൈമാറല്‍, വിദഗ്ധ സേവനം ഉറപ്പാക്കല്‍. വിഭവശേഷി വികസനം, അടിസ്ഥാന സൗകര്യ വികസനം, കാര്യക്ഷമത എന്നിവ കൂട്ടുക. എന്നിവയാണ് ചാർട്ടറിൽ ഉൾപ്പെടുത്തിയ ലക്ഷ്യങ്ങൾ.
മൂന്നു സംസ്ഥാനങ്ങളുമായി അതിർത്തിപങ്കിടുന്ന ബന്ദിപ്പൂർ, മുതുമലെ, നാഗർഹോളെ, വയനാട് വന്യജീവി സങ്കേതങ്ങളിൽ നിന്നുള്ള ആനകൾ പലഭാഗത്തും നാട്ടിലിറങ്ങുന്നുണ്ട്. വ്യാപക കൃഷിനാശവും പതിവാണ്. ഈ സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. മൂന്ന് സംസ്ഥാനങ്ങൾക്കും ബാധകമായ നയരൂപീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. ബേലൂർ മഖ്നയുണ്ടാക്കിയ പ്രശ്നങ്ങൾക്ക് പിന്നാലെയാണ് യോഗം ചേരാൻ തീരുമാനം ഉണ്ടായത്. അതേസമയം, വന്യമൃഗശല്യം തടയുന്നതിന് കേന്ദ്രസഹായം കിട്ടുന്നില്ലെന്ന് കര്‍ണാടക വനംമന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ ആരോപിച്ചു. റെയിൽ ഫെൻസിങിന് കേന്ദ്രസഹായം കിട്ടുന്നില്ലെന്നും പിന്നെ എങ്ങനെ കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാൻ കഴിയുമെന്നും ഈശ്വര്‍ ഖണ്‍ഡ്രെ ചോദിച്ചു












































































