മോഷണം, പൊതുമുതല്‍ നശിപ്പിക്കല്‍, വഞ്ചന തുടങ്ങിയ കേസുകളാണ് അജ്മലിന് എതിരെ ഉള്ളത്. അതേസമയം, പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തതിന് പിന്നാലെ ശ്രീക്കുട്ടിയെ ജോലിയില്‍ നിന്നും പുറത്താക്കി.
അജ്‌മലും സുഹൃത്തായ ഡോക്‌ടർ ശ്രീക്കുട്ടിയും സുഹൃത്തിന്റെ വീട്ടില്‍ പാർട്ടി കഴിഞ്ഞ് മടങ്ങുമ്ബോഴായിരുന്നു അപകടം. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യപരിശോധനാ ഫലത്തില്‍ വ്യക്തമായി. അജ്‌മലിനെതിരെ കുറ്റകരമായ നരഹത്യയ്‌ക്ക് കേസെടുത്തു. ശ്രീക്കുട്ടിയെയും കേസില്‍ പ്രതി ചേർക്കും. ഇവരുടെ സുഹൃത്തായ മറ്റൊരു യുവതിയെ ശാസ്‌താംകോട്ട സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്.
ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളും ബന്ധു ഫൗസിയയും സ്‌കൂട്ടറില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അജ്‌മലിന്റെ കാർ ഇവരെ ഇടിച്ചിട്ടത്. വളവുതിരിഞ്ഞു വന്ന കാർ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയത് കണ്ട് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി ഇവർ രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോളെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 9.45ഓടെ മരണപ്പെടുകയായിരുന്നു. ഫൗസിയ ചികിത്സയിലാണ്.