ആറന്മുള: ഉത്തൃട്ടാതി ജലോത്സവത്തിൽ, എ ബാച്ച് വള്ളങ്ങളുടെ ഫൈനലിൽ മല്ലപ്പുഴശേരി പള്ളിയോടം വിജയിച്ചു. ആവേശകരമായ മത്സരത്തിൽ കുറിയന്നൂരിനെ വള്ളപ്പാടുകൾക്കു പിന്തള്ളിയാണു മല്ലപ്പുഴശേരി വിജയിച്ചത്. ചിറയിറമ്പ്, ളാക ഇടയാറന്മുള പള്ളിയോടങ്ങൾ മൂന്നും നാലും സ്ഥാനങ്ങളിലെത്തി.
ബി ബാച്ചിൽ ഇടപ്പാവൂർ ഒന്നാമത് എത്തിയപ്പോൾ, പുല്ലൂപ്രം, വന്മഴി പള്ളിയോടങ്ങൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലെത്തി.എ ബാച്ച് ലൂസേഴ്സ് ഫൈനലിൽ പുന്നന്തോട്ടം, ഇടയാറന്മുള കിഴക്ക്, ഇടയാറന്മുള, പ്രയാർ വള്ളങ്ങൾ യഥാക്രമം ഒന്നു മുതൽ നാലു വരെ സ്ഥാനങ്ങളിലെത്തി.
ബി ബാച്ച് ലൂസേഴ്സ് ഫൈനലിൽ പുതുക്കുളങ്ങര, ഒന്നാമതെത്തി. മുതവഴി, കോടിയാട്ടുകര വള്ളങ്ങൾ രണ്ട്, മൂന്ന് സ്ഥാനങ്ങളിലുമെത്തി.
ആയിരങ്ങളാണു വള്ളംകളി കാണാൻ പമ്പയുടെ ഇരുകരകളിലും നിലയുറപ്പിച്ചത്. ഉച്ചയ്ക്ക് ഒന്നരയ്ക്കു പള്ളിയോടങ്ങളുടെ ഘോഷയാത്രയോടെയാണു വള്ളംകളിക്കു തുടക്കമായത്. 49 പള്ളിയോടങ്ങളാണ് മത്സരത്തിൽപങ്കെടുത്തത്.മുത്തുക്കുടകളും നിശ്ചല ദൃശ്യങ്ങളുമായി മനോഹരമായിരുന്നു ഘോഷയാത്ര. പള്ളിയോടങ്ങളുടെ ഘോഷയാത്ര ആന്റോ ആന്റണി എംപി ഫ്ലാഗ് ഓഫ് ചെയ്തു.