പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിമുഖത്തിന്റെ ഭാഗം പുനഃസ്ഥാപിച്ച് മെറ്റ. ഫേസ്ബുക്ക് പേജിൽ വീഡിയോ റീസ്റ്റോർ ചെയ്തു. വീഡിയോ പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ പറഞ്ഞിരുന്നു. സ്വകാര്യ ന്യൂസ് ചാനൽ സംപ്രേഷണം ചെയ്‌ത വി ഡി സതീശന്റെ അഭിമുഖത്തിൻ്റെ ഒരു ഭാഗം കേരള പോലീസിൻ്റെ നിർദേശ പ്രകാരം ഫേസ്ബുക്ക് നീക്കം ചെയ്തു എന്നായിരുന്നു ആരോപണം. സംഭാഷണത്തിൻ്റെ റീൽ ബുധനാഴ്ച ഉച്ചയോടെ നീക്കം ചെയ്തുവെന്നായിരുന്നു വിമർശനം. രാഷ്ട്രീയ വനവാസം പരാമർശിക്കുന്നതായിരുന്നു സതീശന്റെ വീഡിയോ.
ഇത് പോലീസിൻ്റെ നിർദേശപ്രകാരം മെറ്റ നീക്കം ചെയ്‌തുവെന്നായിരുന്നു ആരോപണം.
സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും സംസ്ഥാന പോലീസ് മേധാവിക്കും ചാനൽ പരാതി നൽകിയിരുന്നു. സംഭവം വിവാദമായതോടെയായിരുന്നു പ്രതികരിച്ച് രത്തൻ ഖേൽക്കർ രംഗത്തെത്തിയത്. വീഡിയോയ്ക്ക് താഴെ വന്ന കമന്റ് നീക്കം ചെയ്യാനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും എന്നാൽ വീഡിയോ പൂർണമായും ഒഴിവാക്കുകയായിരുന്നുവെന്നും രത്തൻ ഖേൽക്കർ വിശദീകരിച്ചു. മെറ്റയ്ക്ക് പറ്റിയ തെറ്റ് എന്നാണ് പോലീസ് അറിയിച്ചത്.












































































