അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കൾ ബെംഗളൂരുവിലെ സിബിഐ പ്രത്യേക കോടതി തമിഴ്നാട് സർക്കാരിന് കൈമാറി.
അനധികൃത സ്വത്ത് സമ്പാദന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ പിടിച്ചെടുത്ത സ്വത്ത് വകകളാണ് ഇപ്പോൾ കൈമാറിയിരിക്കുന്നത്. ബംഗളുരുവിലെ സി.ബി.ഐ പ്രത്യേക കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് 27.568 കിലോഗ്രാം സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ള സ്വത്തുവകകൾ തമിഴ്നാട് സർക്കാരിന് കൈമാറിയിരിക്കുന്നത്.
27.568 കിലോഗ്രാം സ്വർണാഭരണങ്ങൾ, 1136 കിലോ ഗ്രാം വെള്ളി, 1526 ഏക്കർ ഭൂമിയുടെ രേഖകൾ എന്നിവ ഉൾപ്പെടെയാണ് കൈമാറിയത്. ഇതുകൂടാതെ വജ്രങ്ങൾ, 11,344 സാരി, 250 ഷാൾ, 750 ജോടി ചെരിപ്പ് എന്നിവയും കൈമാറി. രണ്ട് സ്വർണ കിരീടങ്ങളും സ്വർണ വാൾ, സ്വർണ അരപ്പട്ട എന്നിവയും കൈമാറിയ സ്വത്തുക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.
ജയലളിതയ്‌ക്കെതിരായ 18 വർഷത്തോളം നീണ്ടുനിന്ന അനധികൃത സ്വത്ത് സമ്പാദന കേസ് ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റിയിരുന്നു. ജയലളിതയും അവരുടെ അടുത്ത കൂട്ടാളിയായ വി.കെ. ശശികല, ശശികലയുടെ ബന്ധുക്കളായ വി.എൻ. സുധാകരൻ, ജെ. ഇളവരശി എന്നിവരുൾപ്പെടെ മറ്റ് മൂന്ന് പ്രതികളെയും 2014 ൽ ബെംഗളൂരുവിലെ ഒരു പ്രത്യേക കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. 2015 ൽ കർണാടക ഹൈക്കോടതി അവരെ കുറ്റവിമുക്തരാക്കിയെങ്കിലും 2017 ൽ സുപ്രീം കോടതി ഉത്തരവ് റദ്ദാക്കി.
ജനുവരി 29 ന്, ജയലളിതയുടെ കണ്ടുകെട്ടിയ സ്വത്തുക്കളും തമിഴ്നാട് സർക്കാരിന് കൈമാറാൻ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടിരുന്നു.സ്വത്തിൽ അവകാശമുണ്ടെന്ന ജയലളിതയുടെ സഹോദരന്റെ മക്കളായ ജെ. ദീപയും ജെ. ദീപക്കും സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു. ജയലളിതയുടെ മരണശേഷം നടപടികൾ അവസാനിപ്പിച്ചു എന്നതുകൊണ്ട് അവർ കുറ്റവിമുക്തയായി എന്നല്ല അർത്ഥമാക്കുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു.