കോട്ടയം: സംസ്ഥാന വിവരാവകാശ കമ്മീഷൻ കോട്ടയം കളക്ടറേറ്റിൽ നടത്തിയ സിറ്റിംഗിൽ 81 പരാതികൾ തീർപ്പാക്കി. കമ്മിഷൻ അംഗങ്ങളായ ഡോ.കെ.എം. ദിലീപും ഡോ. എം. ശ്രീകുമാറും പ്രത്യേകമായി നടത്തിയ സിറ്റിംഗുകളിൽ ആകെ 95 പരാതികളാണ് പരിഗണിച്ചത്. 14 എണ്ണം അടുത്ത സിറ്റിംഗിൽ പരിഗണിക്കുന്നതിനായി മാറ്റി.
തദ്ദേശസ്വയംഭരണം, സർവേ, റവന്യു, പോലീസ് തുടങ്ങിയ വകുപ്പുകളുമായും കെ.എസ്.ഇ.ബി, മോട്ടോർ വാഹനവകുപ്പ് എന്നിവയുമായും ബന്ധപ്പെട്ട പരാതികളാണ് കൂടുതലായി എത്തിയതെന്ന് കമ്മീഷൻ പറഞ്ഞു.
വിവരാവകാശ അപേക്ഷകർക്ക് സമയ ബന്ധിതമായി മറുപടി നൽകേണ്ട ഉത്തരവാദിത്വം നിറവേറ്റാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷനംഗങ്ങൾ പറഞ്ഞു.













































































