ന്യൂഡൽഹി : കോട്ടയം ജില്ലയെ യുനെസ്കോയുടെ 'ഗ്ലോബൽ നെറ്റ്വർക്ക് ഓഫ് ലേണിങ് സിറ്റീസ്' പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് ഉറപ്പു നൽകി. ഇത് സംബന്ധിച്ച് ധർമേന്ദ്ര പ്രധാനുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ ചർച്ച നടത്തി.പദ്ധതിക്കാവശ്യമായ എല്ലാ സഹായവും ധർമേന്ദ്ര പ്രധാൻ വാഗ്ദാനം ചെയ്തതായി ജോർജ് കുര്യൻ അറിയിച്ചു.
ഇതു സംബന്ധിച്ചുള്ള അപേക്ഷ കോട്ടയം മുനിസിപ്പല്‍ കൗണ്‍സില്‍ യുനെസ്കോ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ലൈഫ് ലോങ്ങ് ലേര്ണിങ്ങിന് സമര്‍പ്പിച്ചിട്ടുണ്ട്. അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം സമ്പൂര്‍ണ സാക്ഷരത കൈവരിച്ച ഭാരതത്തിലെ ആദ്യ ജില്ലയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസ സാംസ്കാരിക സ്ഥാപനങ്ങളും സൗകര്യങ്ങളുമുള്ള കോട്ടയം എന്തുകൊണ്ടും ഈ അംഗീകാരത്തിന് അര്ഹതപ്പെട്ടിരിക്കുന്നതായി ജോര്‍ജ് കുര്യന് പറഞ്ഞു.