തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ നല്‍കാവുന്ന ഏറ്റവും മികച്ച ചികിത്സ തന്നെ വേണുവിന് നല്‍കിയെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം ഡോക്ടർമാർ.
പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സയാണ് നല്‍കിയതെന്ന് കാർഡിയോളജി വിഭാഗം മേധാവി മാത്യു ഐപ്പ് മാധ്യമങ്ങളോട് വ്യക്തമാക്കി.
നെഞ്ചുവേദനയുമായാണ് വേണു നവംബർ ഒന്നിന് അത്യാഹിത വിഭാഗത്തില്‍ വന്നത്. കാർഡിയോളജി ഡോക്ടറെ കാണുകയും ഹൃദയാഘാതമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. വേണുവിന് വേദന തുടങ്ങിയത് തലേ ദിവസമാണ്. വേദന തുടങ്ങി 24 മണിക്കൂറിന് ശേഷമാണ് രോഗി ആശുപത്രിയില്‍ എത്തിയത്.
ഹൃദയാഘാതത്തിന് രണ്ട് ചികിത്സയാണ് നല്‍കുന്നത്. ഹൃദയത്തിൻറെ രക്തധമിനിയില്‍ ഉണ്ടായ തടസം അലിയിക്കുന്നതിന് ലൈറ്റ് ക്രാപ്പിയും പ്രൈമറി ആൻറിയോപ്ലാസിയും. ബലൂണ്‍ കടത്തി തടസംമാറ്റി അവിടെ സ്റ്റെൻറ് നിക്ഷേപിക്കുന്നതാണ് ആൻറിയോപ്ലാസി. നെഞ്ച് വേദന തുടങ്ങി 12 മണിക്കൂറിനകം ആശുപത്രിയില്‍ വന്നാല്‍ മാത്രമേ ലൈറ്റ് ക്രാപ്പി നല്‍കാൻ സാധിക്കുക.
നെഞ്ച് വേദന തുടങ്ങി 24 മണിക്കൂറിനകം ആശുപത്രിയില്‍ വന്നാല്‍ മാത്രമേ ആൻറിയോപ്ലാസി ചെയ്യാനാവൂ. 24 മണിക്കൂറിന് ശേഷമാണ് വേണു ആശുപത്രിയില്‍ വന്നത്. ഈ രണ്ട് ചികിത്സ രീതികളും വേണുവിന് അനുയോജ്യമല്ലെന്ന് ഡോക്ടർ തീരുമാനിച്ചു. തുടർന്ന് മറ്റ് മരുന്നുകള്‍ കൊടുക്കാൻ തീരുമാനിച്ചു. മരുന്ന് കൊടുക്കാൻ തുടങ്ങുകയും രോഗിയെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.
രോഗിയെ കാർഡിയോളജി വിഭാഗത്തിലേക്ക് മാറ്റി. ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതിനിടെ നവംബർ അഞ്ചിന് വൈകിട്ട് ഹാർട്ട് ഫെയ്‍ലുവർ ഉണ്ടാവുകയും രോഗിയെ വെൻറിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് രോഗി മരിക്കുകയുണ്ടായി.
ഹൃദയാഘാതം മനുഷ്യരുടെ മരണത്തിൻറെ പൊതു കാരണമാണ്. എന്ത് ചികിത്സ നല്‍കിയാലും 10 മുതല്‍ 20 ശതമാനം ആളുകള്‍ മരിക്കും. റൗണ്ട്സ് സമയത്ത് രോഗിയുടെ അവസ്ഥ എന്താണെന്നും വീണ്ടും എന്താണ് ചെയ്യേണ്ടതെന്നും പറയാറുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി.














































































