ഇംഗ്ലണ്ടിൽ നടന്ന ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിക്ക് ശേഷം ഏഷ്യാ കപ്പിനൊരുങ്ങുകയാണ് ഇന്ത്യൻ ടീം. ഏഷ്യാ കപ്പിനും ഒക്ടോബറിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമുകളെ തിരഞ്ഞെടുക്കാൻ സെലക്ടർമാർ തയ്യാറെടുക്കുമ്പോൾ എല്ലാ ഫോർമാറ്റുകളിലും തിരിച്ചുവരവിന് ശ്രമിക്കുകയാണ് ശ്രേയസ് അയ്യർ.
നിലവിൽ ഇന്ത്യയുടെ ഏകദിന ടീമിന്റെ ഭാഗമായ അയ്യരിനെ ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. സെപ്റ്റംബർ 9 മുതൽ യുഎഇയിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടി20 ഫോർമാറ്റിലാണ് നടക്കുക, അതേ സമയം രണ്ട് ടെസ്റ്റ് മത്സരങ്ങളുള്ള വെസ്റ്റ് ഇൻഡീസ് പരമ്പര ഒക്ടോബർ 2 ന് അഹമ്മദാബാദിൽ ആരംഭിക്കും.
2023 ഡിസംബറിൽ ബെംഗളൂരുവിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് അയ്യർ അവസാനമായി ടി20 കളിച്ചത്. 51 ടി20 മത്സരങ്ങളിൽ നിന്ന് 30.66 ശരാശരിയിലും 136.12 സ്ട്രൈക്ക് റേറ്റിലും എട്ട് അർദ്ധസെഞ്ച്വറികളുൾപ്പെടെ 1104 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ ഐപിഎല്ലിലും മികച്ച പ്രകടനമാണ് നടത്തിയത്.
2024 ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെതിരെയാണ് അദ്ദേഹം അവസാനമായി ടെസ്റ്റിൽ കളിച്ചത്. ഇന്ത്യ 106 റൺസിന് വിജയിച്ച മത്സരത്തിൽ അദ്ദേഹം 27 ഉം 29 ഉം റൺസ് നേടി. 14 ടെസ്റ്റുകളിൽ നിന്ന് ഒരു സെഞ്ച്വറിയും അഞ്ച് അർദ്ധസെഞ്ച്വറികളും ഉൾപ്പെടെ 36.86 ശരാശരിയിൽ 811 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കായി 68.57 ശരാശരിയിൽ 480 റൺസ് നേടി.
ഏകദിന ഫോർമാറ്റ് നോക്കുകയാണെങ്കിൽ 70 മത്സരങ്ങളിൽ നിന്ന് 48.2 ശരാശരിയിൽ 2845 റൺസ് നേടിയിട്ടുണ്ട്. മാർച്ചിൽ നടന്ന ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ 48.60 ശരാശരിയിൽ 243 റൺസ് നേടി ഇന്ത്യയുടെ റൺ ചാർട്ടിൽ ഒന്നാമതെത്തി.