ജില്ലയിലെ ചില ഏലം സ്‌റ്റോറുകളിലാണ് വ്യാപകമായി രാസ വസ്‌തുക്കള്‍ ഉപയോഗിക്കുന്നത്. ഇതോടെ ഏലക്കായില്‍ വിഷാംശം ഉള്‍പ്പെടുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ അടക്കം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. വിദേശ വിപണിയില്‍ അടക്കം ഇടുക്കി ഏലക്കായുടെ മാര്‍ക്കറ്റ് ഇടിക്കുന്നതിന് ഈ പ്രവണത കാരണമാകുമെന്ന് ഈ രംഗത്തെ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഉണക്ക ഏലക്കായുടെ തൂക്കം കൂട്ടുന്നതിനാണ് ഏലം സ്‌റ്റോറുകളില്‍ ഇത്തരം രാസ വസ്‌തുക്കള്‍ ഉപയോഗിക്കുന്നത്. കര്‍ഷകരില്‍നിന്നും കുറഞ്ഞ വിലക്ക് പച്ച ഏലക്കാ വാങ്ങിയശേഷം സംസ്‌കരണത്തിന് രാസവസ്‌തുക്കള്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. സാധാരണയായി അഞ്ച് കിലോ പച്ച ഏലക്കായ ഉണങ്ങുമ്പോൾ ഒരു കിലോ ഉണക്ക ഏലക്കയാണ് ലഭിക്കുന്നത്. എന്നാല്‍ രാസവസ്‌തുക്കള്‍ കലര്‍ത്തുമ്പോൾ അഞ്ച് കിലോ പച്ച ഏലക്കാ ഉണങ്ങുമ്പോൾ മൂന്ന് മുതല്‍ നാലുകിലോ വരെ ഉണക്ക ഏലക്കാ ലഭിക്കുമെന്നാണ് വിവരം.
എന്നാല്‍ പാതി ഉണക്കിലാണ് ഇവ വിപണിയിലെത്തുന്നത്. നിറത്തിനായി രാസവസ്‌തുക്കള്‍ ചേര്‍ക്കുന്നതോടെ ഏലത്തിന്റെ ഗുണനിലവാരം നഷ്‌ടപ്പെടുന്നതിനും കാരണമാകുന്നു. വലിയ തോതില്‍ വിഷാംശം ഉള്ളതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുമ്പോൾ ഇടുക്കി ഏലക്കായുടെ നിലവാരം നഷ്‌ടപ്പെടുന്നതിനും ഇത് കാരണമാകുന്നുണ്ട്.
ഇത് ഏലക്കാ വിലത്തകര്‍ച്ചയ്‌ക്ക് വരെ കാരണമാകുന്നുണ്ടെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ രാസവസ്‌തുക്കള്‍ കലര്‍ത്തുന്ന ഏലം സ്‌റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം ഉയരുന്നത്. ഇത്തരം ഏലം സ്‌റ്റോറുകള്‍ കൂടിയ വിലയ്‌ക്ക് കര്‍ഷകരില്‍ നിന്നും കായ എടുക്കുന്നതിനാല്‍ മറ്റുള്ള സ്‌റ്റോറുകള്‍ക്ക് കായ ലഭിക്കാതെയും വരുന്നുണ്ട്.