കോഴിക്കോട്: പ്ലസ് ടു വിദ്യാർത്ഥിനി കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് ക്ലാസിൽ ഇരുന്ന സംഭവത്തിൽ പോലീസ് നടപടികൾ അവസാനിപ്പിച്ചു. മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് പെൺകുട്ടി ക്ലാസിൽ എത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. കുറ്റകൃത്യങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് മെഡിക്കൽ കോളേജ് പോലീസിന്റെ നടപടി. രക്ഷിതാക്കൾക്കൊപ്പം പോലീസ് സ്റ്റേഷനിൽ എത്തിയ പെൺകുട്ടി സംഭവിച്ച തെറ്റിൽ മാപ്പ് പറഞ്ഞു. ഇതോടെയാണ് പെൺകുട്ടിയുടെ ഭാവിയെ കരുതി തുടർനടപടികൾ അവസാനിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്.













































































