ഇടുക്കി: പീരുമേട്ടിൽ വനത്തിനുള്ളിൽ വച്ച് ആദിവാസി സ്ത്രീ സീത മരിച്ചത് കാട്ടാന ആക്രമണം തന്നെയെന്ന് പൊലീസ് നിഗമനം. കഴുത്തിനുണ്ടായ പരിക്കുകൾ വനത്തിനുള്ളിൽ നിന്നും പുറത്തേക്ക് കൊണ്ടു വരുമ്പോൾ താങ്ങിപ്പിടിച്ചത് മൂലമുണ്ടായതാകാം. വാരിയെല്ലുകൾ ഒടിഞ്ഞത് കാട്ടാന ആക്രമണത്തിലും തോളിലിട്ട് ചുമന്നു കൊണ്ടു വരുമ്പോഴുമുണ്ടായത്. ശരീരത്തിൽ കാട്ടാന ആക്രമണത്തിന്റെ ലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം പരിശോധന നടത്തിയ പീരുമേട് താലൂക്ക് ആശുപത്രിയിലെ അസി. സർജൻ ആദർശ് രാധാകൃഷ്ണൻ പറഞ്ഞിരുന്നത്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഡോക്ടറുടെയും സീതയുടെ ഭർത്താവ് ബിനുവിന്റെയും മക്കളുടെയും മൊഴി വിശദമായി രേഖപ്പെടുത്തിയിരുന്നു. സ്ഥലത്ത് ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിൽ കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് കാട്ടാന ആക്രമണമാണെന്ന നിഗമനത്തിൽ പൊലീസെത്തിയത്.
റിപ്പോർട്ട് രണ്ടാഴ്ചക്കകം പൊലീസ് പീരുമേട് കോടതിയിൽ സമർപ്പിക്കും. കഴിഞ്ഞ ജൂൺ 13ന് മീൻമുട്ടി വനത്തിനുള്ളിൽ ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് തോട്ടാപ്പുര സ്വദേശി സീത (42) മരിച്ചത്. മരണത്തിന് ദുരുഹതകളും ആരോപണങ്ങളും വിവാദങ്ങളും ഉടലെടുത്തിരുന്നു. അതേസമയം തുടക്കം മുതൽ സീത കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നെന്നാണ് വനംവകുപ്പ് താത്കാലിക ജീവനക്കാരൻ കൂടിയായ ഭർത്താവ് ബിനുവും മക്കളായ സജുമോനും അജിമോനും ആവർത്തിച്ചു പറയുന്നത്.
എന്നാൽ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ പീരുമേട് താലൂക്ക് ആശുപത്രിയിലെ അസി. സർജൻ ആദർശ് രാധാകൃഷ്ണൻ സീത മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്നും കൊലപാതകമാണെന്നും ചില മാധ്യമങ്ങളോട് വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾ തുടങ്ങിയത് . മൃതദേഹത്തിൽ മൽപ്പിടുത്തത്തിന്റെ പാടുകളും പലതവണ തല മരമോ കല്ലോ പോലുള്ള പരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചതിന്റെയും ലക്ഷണങ്ങൾ കണ്ടെത്തിയെന്നുമായിരുന്നു വെളിപ്പെടുത്തൽ. മരണം കാട്ടാന ആക്രമണത്തിലാണോയെന്ന് സംശയമുണ്ടെന്ന് ഡി.എഫ്.ഒയും പറഞ്ഞതോടെ ഭർത്താവ് ബിനു സംശയനിഴലിലായി. എന്നാൽ പൊലീസ് ഇതെല്ലാം നിഷേധിക്കുകയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടാതെ കൊലപാതകമാണെന്ന് സ്ഥിരീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. തുടർന്ന് കാട്ടാന ആക്രമണമുണ്ടായെന്ന് പറയുന്ന വനപ്രദേശത്ത് പൊലീസ്, വനം വകുപ്പ്, ഫോറൻസിക് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയിൽ കാട്ടാന ആക്രമണം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു.
സീതയും കുടുംബവും വനത്തിലേക്ക് കൊണ്ടുപോയ അരി ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ ആന നശിപ്പിച്ചതായും കണ്ടെത്തി. ഫോറൻസിക് റപ്പോർട്ടും ഇക്കാര്യം സ്ഥിരീകരിച്ചു. തുടർന്ന് പീരുമേട് ഡിവൈ.എസ്.പി വിശാൽ ജോൺസന്റെ നേതൃത്വത്തിൽ രണ്ട് എസ്.എച്ച്.ഒമാരെ ഉൾപ്പെടുത്തി കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ഏൽപ്പിച്ചു. ഇതോടെ ബന്ധുക്കളുടെയും രാഷ്ട്രീയപാർട്ടികളുടെയും പ്രതിഷേധത്തെ തുടർന്ന് ഡോക്ടർ ആദർശ് 17 മുതൽ വ്യക്തമായ കാരണം പറയാതെ അവധിയിൽ പോവുകയായിരുന്നു. ഇയാൾക്കെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചിരുന്നു.