ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കാൻ സാധ്യത. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാം തുറക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. പെരിയാറിന്‍റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മാറിത്താമസിക്കുന്നവര്‍ക്ക് ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.
കാഞ്ചിയാര്‍ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളിലെ നിന്ന് 883 കുടുംബങ്ങളിലെ 3,220 പേരെയാണ് മാറ്റുക. വെള്ളിയാഴ്ച രാത്രി 8 മണിക്ക് മുന്‍പ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ ജില്ലാ കലക്ടര്‍ വി.വിഗ്‌നേശ്വരി റവന്യൂ, പൊലീസ് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പകല്‍ സമയത്ത് മാത്രമേ ഷട്ടറുകള്‍ തുറക്കാവൂവെന്ന് തമിഴ്‌നാടിനോട് അഭ്യര്‍ഥിച്ചതായും കലക്ടര്‍ അറിയിച്ചു. വെള്ളിയാഴ്ച നാലുമണിവരെ ജലനിരപ്പ് 135.25 ആയിരുന്നു. മഴ തുടര്‍ന്നാല്‍ ജലനിരപ്പ് ഇനിയും ഉയര്‍ന്നേക്കും.












































































