പുതുപ്പള്ളിയിലെ വികസന മുരടിപ്പ് ആരോപിച്ച് ബിജെപി നടത്തിയ ഉപരോധ സമരത്തിനിടയിലേക്ക് ചാണ്ടി ഉമ്മൻ എംഎൽഎ എത്തിയതിൽ പ്രതിഷേധം. എംഎൽഎക്കെതിരെ ഗോ ബാക്ക് വിളികൾ ഉയർത്തി ബി ജെ പി പ്രവർത്തകർ പ്രതിക്ഷേധിച്ചു.
പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെയാണ് ബിജെപി നേതൃത്വത്തിൽ എംഎൽഎ ഓഫീസിന് മുന്നിൽ ഉപരോധ സമരം നടത്തിയത്. സമരത്തിൻ്റെ ഉദ്ഘാടനം ബിജെപി മധ്യമേഖല അധ്യക്ഷൻ എൻ. ഹരി നിർവഹിച്ചു. പിന്നാലെ മറ്റു നേതാക്കന്മാരും സംസാരിച്ച ശേഷം പ്രതിഷേധം അവസാനിക്കുന്ന സമയത്താണ് എം.എൽ.എ ചാണ്ടി ഉമ്മൻ തൻ്റെ ഓഫീസിലേക്ക് ബിജെപി പ്രവർത്തകർക്കിടയിലൂടെ എത്തിയത്. സമരം നടത്തിയ നേതാക്കന്മാരോടും, മറ്റ് പ്രവർത്തകരോടും ഹസ്തദാനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് എംഎൽഎ ക്കെതിരെ ഗോ ബാക്ക് വിളികൾ ഉയർന്നത്. ബിജെപി സമരം തകർക്കാൻ വേണ്ടിയാണ് ചാണ്ടി ഉമ്മൻ പോലീസിൻ്റെ ഒത്താശയിൽ എത്തിയതെന്ന് എൻ. ഹരിയും ആരോപിച്ചു. പ്രവർത്തകർ സംയമനം പാലിച്ചതിനാലാണ് മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നതെന്ന് ബിജെപി പ്രതികരിച്ചു. എം.എൽ.എ പാലിക്കേണ്ട മര്യാദ ചാണ്ടി കാട്ടാതിരുന്നപ്പോൾ തന്നെ പോലീസ് മുൻകരുതലകൾ സ്വീകരിച്ചില്ല എന്നും ഇവർ ആരോപിച്ചു.














































































