തിരുവനന്തപുരം: കേരളത്തിൽ ബിജെപി നിർണായക ശക്തിയാകുമെന്ന് എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരൻ. അടുത്തത് ബിജെപിയുടെ സ്വാധീനം പ്രകടമാകുന്ന സഭയായിരിക്കുമെന്നും എല്ലാ ഭാഗത്തുനിന്നും അടിയൊഴുക്കുകളുണ്ടാകുമെന്നും അദ്ദേഹം നമസ്തേ കേരളത്തിൽ പറഞ്ഞു. കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർത്ഥിയാണ് വി മുരളീധരൻ.
കഴക്കൂട്ടവുമായി ആഴത്തിലുള്ള ബന്ധമാണുള്ളത്. ഇവിടെ വിജയം സുനിശ്ചിതമാണ്. മണ്ഡലത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കൂടാതെ ഇടറോഡുകളുടെ അവസ്ഥ ശോചനീയവുമാണ്. നേമവും കഴക്കൂട്ടവും ബിജെപി പിടിക്കും. കഴക്കൂട്ടത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ബിജെപി കേരളത്തിൽ നിർണായക ശക്തിയായി മാറുകയും ചെയ്യും. അടുത്തത് ബിജെപിയുടെ സ്വാധീനം പ്രകടമാകുന്ന സഭയായിരിക്കുമെന്നും വി മുരളീധരൻ പറഞ്ഞു.
സിപിഎമ്മിനുള്ളിൽ പ്രശ്നങ്ങൾ വളരെ രൂക്ഷമാണ്. ഭരണത്തിൽ എൽഡിഎഫ് വരരുതെന്ന് ഒരു വിഭാഗം സിപിഎം പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കഴക്കൂട്ടത്ത് വിജയ പ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു. ജനം തന്നെ അംഗീകരിച്ച് കഴിഞ്ഞുവെന്നും കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ ജനം വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.














































































