വഡോദര: ന്യൂസിലാന്‍ഡിന്റെ രണ്ടാംനിര ടീമിനോടു ആദ്യ ഏകദിനത്തില്‍ ഇന്ത്യ കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുകയാണ്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ത്രില്ലിങ് മാച്ചില്‍ നാലു വിക്കറ്റിന്റെ വിജയമാണ് ശുഭ്മന്‍ ഗില്ലും സംഘവും ആഘോഷിച്ചത്.
ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തുകയും ചെയ്തിരിക്കുകയാണ്.
301 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് കിവികള്‍ ഇന്ത്യക്കു മുന്നില്‍ വച്ചത്. മറുപടിയില്‍ ഒരോവര്‍ ബാക്കിനില്‍ക്കവെ ആറു വിക്കറ്റിന് ഇന്ത്യ ജയം കൈക്കലാക്കുകയും ചെയ്തു. 91 ബോളില്‍ 93 റണ്‍സുമായി ഇന്ത്യന്‍ റണ്‍ചേസിനു ചുക്കാന്‍ പിടിച്ച വിരാട് കോലിയാണ് കളിയിലെ താരമായത്.
എട്ടു ഫോറും ഒരു സിക്‌സറുമടങ്ങുന്ന കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്‌സാണ് അദ്ദേഹം കളിച്ചത്. എന്നാല്‍ കളിയില്‍ ഇന്ത്യയെ ജയിപ്പിച്ചത് കോലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സല്ല. മറ്റു രണ്ടു കാര്യങ്ങളാണ് മല്‍സരവിധി തീരുമാനിക്കുന്നതില്‍ നിര്‍ണായകമായി മാറിയത്. ഇവ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
കളിയിലെ ടേണിങ് പോയിന്റ്
വഡോദരയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ പ്രധാനമായും രണ്ടു ടേണിങ് പോയിന്റുകളാണ് ഇന്ത്യയെ രക്ഷിച്ചത്. അല്ലായിരുന്നെങ്കില്‍ വിജയം ന്യൂസിലാന്‍ഡിനൊപ്പം നില്‍ക്കുമായിരുന്നു. ആദ്യത്തെ ടേണിങ് പോയിന്റ് കിവികളുടെ ഇന്നിങ്‌സിലായിരുന്നെങ്കില്‍ രണ്ടാമത്തേത് ഇന്ത്യയുടെ ഇന്നിങ്‌സിലുമായിരുന്നു.
മല്‍സരത്തിലെ ആദ്യത്തെ ടേണിങ് പോയിന്റായി ചൂണ്ടിക്കാണിക്കാവുന്നത് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ മൈക്കല്‍ ബ്രേസ്വെല്ലിന്റെ അപ്രതീക്ഷിത റണ്ണൗട്ടാണ്. ഹര്‍ഷിത് റാണയെറിഞ്ഞ 43ാം ഓവറിലായിരുന്നു സംഭവം. അഞ്ചു വിക്കറ്റിന് 227 റണ്‍സെന്ന നിലയിലാണ് കിവികള്‍ ഈ ഓവറാരംഭിച്ചത് 53 ബോളില്‍ നിന്നും 52 റണ്‍സോടെ ഡാരില്‍ മിച്ചെലും 15 ബോളില്‍ 10 റണ്‍സുമായി ബ്രേസ്വെല്ലുമായിരുന്നു ക്രീസില്‍.
മിച്ചെല്‍ ക്രീസില്‍ നങ്കൂരമിട്ടു കഴിഞ്ഞിരുന്നെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മല്‍സരം നന്നായി ഫിനിഷ് ചെയ്യാന്‍ സാധിക്കുന്നയാളാണ് ബ്രേസ്വെല്‍. ഈ ഓവറിലെ നാലാമത്തെ ബോളില്‍ അദ്ദേഹം ബൗണ്ടറിയും പായിച്ചിരുന്നു. പക്ഷെ ഓവറിലെ അവസാന ബോളില്‍ ബ്രേസ്വെല്‍ റണ്ണൗട്ടായി. ലോങ്‌ഓണിലേക്കായിരുന്നു മിച്ചെല്‍ ഷോട്ട് കളിച്ചത്.
സിംഗിള്‍ അവിടെ ഉറപ്പായിരുന്നു. പക്ഷെ ഡബിളിനായി ബ്രേസ്വെ്ല്‍ കോള്‍ ചെയ്തു. ഇതാണ് ദുരന്തത്തില്‍ കലാശിച്ചത്. നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്ക് രണ്ടാമത്തെ റണ്‍ പൂര്‍ത്തിയാക്കും മുമ്പ് ശ്രേയസ് അയ്യരുടെ നേരിട്ടുള്ള ത്രോ വിക്കറ്റുകളില്‍ പതിക്കുകയായിരുന്നു. അല്‍പ്പം പിറകില്‍ നിന്നും ഓടിയെത്തിയ ശേഷമാണ് റണ്ണിങില്‍ തന്നെ അദ്ദേഹം കൃത്യമായിസ്റ്റംപില്‍ എറിഞ്ഞു കൊള്ളിച്ചത്.
ഇതോടെ 18 ബോളില്‍ 16 റണ്‍സുമായി ബ്രേസ്വെല്ലിനു നിരാശനായി ക്രീസ് വിടേണ്ടി വന്നു. അദ്ദേഹം ക്രീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ അതു ഇന്ത്യക്കു വലിയ ഭീഷണിയായി മാറിയേനെ. കാരണം ഇന്ത്യക്കെതിരേ മികച്ച റെക്കോര്‍ഡാണ് ബ്രേസ്വെല്ലിന്റേത്. ചില മാച്ച് വിന്നിങ് പ്രകടനങ്ങള്‍ അദ്ദേഹം നേരത്തേ കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ബ്രേസ്വെല്‍ ക്രീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ ന്യൂസിലാന്‍ഡ് 330- 340 റണ്‍സെങ്കിലും നേടിയേനെ. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഇന്ത്യക്കു റണ്‍ചേസ് അസാധ്യമായി മാറുമായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യയെ ജയിപ്പിച്ച ആദ്യ ടേണിങ് പോയിന്റും ഇതാണ്.
ഈ മല്‍സരത്തിലെ രണ്ടാമത്തെ ടേണിങ് പോയിന്റ് ഹര്‍ഷിത് റാണയുടെ സിംപിള്‍ ക്യാച്ച് കിവി ഓള്‍റൗണ്ടര്‍ ഡാരില്‍ മിച്ചെല്‍ താഴെയിട്ടതാണ്. ഇന്ത്യന്‍ റണ്‍ചേസിലെ 44ാം ഓവറിലായിരുന്നു ഇത്. സക്കാരി ഫോക്‌സായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്. ഇന്ത്യ അപ്പോള്‍ അഞ്ചു വിക്കറ്റിന് 256 റണ്‍സെന്ന നിലയിലായിരുന്നു.
ഒാവറിലെ അഞ്ചാമത്തെ ബോളിലാണ് ഹര്‍ഷിത്തിന്റെ ക്യാച്ച് ലോങ്‌ഓണില്‍ മിച്ചെലിന്റെ കൈകളില്‍ നിന്നും വഴുതിപോയത്. വളരെ അനായാസ ക്യാച്ചായിരുന്നു അത്. ഹര്‍ഷിത് അപ്പോള്‍ 13 റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ. ആയുസ് തിരിച്ചുകിട്ടിയ അദ്ദേഹം പിന്നീട് 23 ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സുമടക്കം 29 റണ്‍സെടുത്താണ് പുറത്തായത്.
റണ്‍ചേസില്‍ ഇതു നിര്‍ണായകമാവുകയും ചെയ്തു. കാരണം തുടര്‍ന്നെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ പരിക്കു കാരണം സിംഗിള്‍ പോലുമെടുക്കാനാവാതെ മുടന്തുന്നത് കാണാമായിരുന്നു. ഹര്‍ഷിത്തിന്റെ ആ ക്യാച്ചെടുത്തിരുന്നെങ്കില്‍ മല്‍സരവിധിയും മറ്റൊന്നായി മാറുമായിരുന്നുവെന്നുറപ്പാണ്.













































































