കണ്ണൂര്‍: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
'കേസ് അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്. അന്താരാഷ്‌ട്ര പുരാവസ്തു കടത്ത് സംഘം ഇതിന് പിന്നിലുണ്ട്. അതുകൊണ്ടാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് താന്‍ ആവശ്യപ്പെട്ടത്. സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റിലായ എ പത്മകുമാറിന്റെയും വാസുവിന്റെയും പേരില്‍ പാര്‍ട്ടി നടപടി എടുക്കാത്തതില്‍ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല. മറച്ചുപിടിക്കാന്‍ ചിലതെല്ലാം ഉള്ളതുകൊണ്ടാണ് രണ്ടുപേരെയും പാര്‍ട്ടി സംരക്ഷിക്കുന്നത്. കൂടുതല്‍ ഉന്നതരുടെ പേര് അവര്‍ പുറത്തുപറയുമെന്ന പേടിയാണ് മുഖ്യമന്ത്രിക്കും എം വി ഗോവിന്ദനും. ചെന്നിത്തല പറഞ്ഞു.
പുരാവസ്തു കടത്ത് സംഘത്തിന്റെ ഇടപാട് അന്വേഷിക്കണം. പത്മനാഭസ്വാമി ക്ഷേത്രം ഉള്‍പ്പടെയുള്ള കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെ മുതലുകള്‍ മോഷണം പോകുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന അന്ന് തുടങ്ങിയതാണ് പുരാവസ്തുക്കളിലെ ഇവരുടെ കണ്ണുവെക്കല്‍. അതിന്റെ തുടര്‍ച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.















































































