തെരഞ്ഞെടുത്ത 29 ബ്ലോക്കുകളിൽ കേന്ദ്രാവിഷ്കൃത പദ്ധതിയായ ലൈവ്‌സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ പ്രോഗ്രാമിന്റെ 1962 എന്ന ടോൾ ഫ്രീ നമ്പറിലുള്ള കേന്ദ്രീകൃത കാൾ സെന്റർ സംവിധത്തിലൂടെയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ സേവനം കർഷകന്റെ വീട്ടുപടിയ്ക്കൽ സാധ്യമാക്കുന്നത്.1962 എന്ന ടോൾ ഫ്രീ നമ്പറിലൂടെ ഒരു കർഷകൻ മൃഗ ചികിത്സ സേവനത്തിനായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കോൾ സെന്ററിലേക്ക് വിളിയ്ക്കുമ്പോൾ ഉടൻതന്നെ കർഷകന്റെ ബ്ലോക്കിൽ പ്രവർത്തിക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റിലെ ഡോക്ടർക്ക് കർഷകന്റെ കാൾ കണക്ട് ചെയ്യുകയും വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി അതിവേഗം കർഷകന്റെ വീട്ടുപടിയ്ക്കൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് എത്തി സേവനം നൽകുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിട്ടുള്ളത്.
മൊബൈൽ യൂണിറ്റുകളിലേക്ക് തിരഞ്ഞെടുത്തിട്ടുള്ള ഡോക്ടർമാർക്കും ഡ്രൈവർ കം അറ്റൻഡർമാർക്കും പരിശീലനം നൽകിയാണ് ജോലിയിൽ പ്രവേശിപ്പിക്കുന്നത്.ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ചിട്ടുള്ള മൊബൈൽ സർജറി യൂണിറ്റുകളിൽ ആവശ്യം വേണ്ട ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നുകളും സജ്ജീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.