തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് ന്യൂനപക്ഷ വോട്ടുകള്‍ക്കൊപ്പം ഭൂരിപക്ഷ സമുദായ വോട്ടുകളും കാരണമായെന്ന വിലയിരുത്തലില്‍ കൂടുതല്‍ കൈവിട്ട കളിക്ക് സിപിഎം.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദുവോട്ടുകള്‍ പരമാവധി ഇടതുമുന്നണിക്ക് അനുകൂലമാക്കാൻ സിപിഎം നേതൃത്വം നീക്കം തുടങ്ങി.
മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്. എൻഎസ്‌എസ്, എസ്‌എൻഡിപി സംഘടനകളെ ഒപ്പം നിർത്തുകയെന്നതാണ് ഇതില്‍ പരമപ്രധാനം. ബിജെപിയുടെ കടന്നുവരവു ചൂണ്ടിക്കാട്ടി അതുവഴി മതന്യൂനപക്ഷങ്ങളുടെ സഹായവുമാണു സിപിഎം ലക്ഷ്യമിടുന്നത്. ഈ മാസം പകുതിയോടെ തുടങ്ങുന്ന പാർട്ടിയുടെ ഗൃഹസമ്പർക്ക പരിപാടിക്ക് മുന്നോടിയായി ജാതി-മത സംഘടനകളുടെ നേതാക്കളെ കാണും.
എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ലോക അയ്യപ്പസംഗമത്തില്‍ മുഖ്യമന്ത്രി സ്വന്തം കാറില്‍ കയറ്റിയതു സിപിഎമ്മിനുള്ളില്‍ വലിയ വിമർശനത്തിനു കാരണമായി. എന്നാല്‍ സിപിഐയാണു വിഷയത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചത്. മുഖുമന്ത്രിയെ വരുന്ന തെരഞ്ഞെടുപ്പില്‍ മാറ്റിനിർത്തുന്നതാണ് ഇടതുമുന്നണിക്ക് നല്ലതെന്ന പരാമർശംവരെ സിപിഐ നേതൃയോഗങ്ങളില്‍ ഉണ്ടായി.
വെള്ളാപ്പള്ളിയെ ഒരിക്കലും തന്റെ കാറില്‍ കയറ്റില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും പിണറായി വിജയനോ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോ ഇതുവരെയും വെള്ളാപ്പള്ളിയെ തള്ളിപ്പറയാൻ മുതിർന്നില്ല. വരുന്ന തെരഞ്ഞെടുപ്പിലും അദ്ദേഹത്തെ കൂടെക്കൂട്ടുക തന്നെയാണു സിപിഎം നിലപാടെന്നാണു ഇതിലൂടെ വ്യക്തമാക്കുന്നത്. ഇതു സിപിഐക്കുള്ള മറുപടി കൂടിയാണ്. എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ സർക്കാരിനെതിരേ നേരത്തേ സ്വീകരിച്ചിരുന്ന വിരുദ്ധ നിലപാടില്‍ നിന്നും ഇപ്പോള്‍ പിന്നോട്ടു പോയിട്ടുണ്ട്.
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിലാണ് എൻഎസ്‌എസ് സർക്കാരുമായി ഉടക്കി നിന്നത്. ഇപ്പോള്‍ സ്ത്രീ പ്രവേശന വിഷയത്തില്‍ സർക്കാർ തന്നെ പുറകോട്ടു പോയ സാഹചര്യത്തില്‍ എന്തിന് ഉടക്കിനുപോകണമെന്ന നിലപാടിലാണു സുകുമാരൻ നായർ. ഇതദ്ദേഹം ലോക അയ്യപ്പസംഗമവുമായി ബന്ധപ്പെട്ടു പരസ്യമായി വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്.
ഈ സാഹചര്യത്തില്‍ വെള്ളാപ്പള്ളിയേയും സുകുമാരൻ നായരേയും ഒപ്പം നിർത്തി പരമാവധി ഹിന്ദുവോട്ടുകള്‍ അനുകൂലമാക്കാമെന്ന പ്രതിക്ഷയിലാണു സിപിഎം.
പിഎംശ്രീ പദ്ധതിയില്‍ സർക്കാർ ഒപ്പിട്ടതു മുതല്‍ സിപിഎമ്മുമായി സിപിഐ നല്ല രസത്തിലല്ല. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ ഭരണവിരുദ്ധവികാരവും സ്വർണപ്പാളി കേസും തിരിച്ചടിക്കു കാരണമായില്ലെന്നാണു സിപിഎം നേതൃത്വം പറയുന്നത്. എന്നാല്‍ ഇതു സമ്മതിക്കാൻ സിപിഐ തയ്യാറല്ല. സർക്കാർ തിരുത്തണമെന്നും ഇല്ലെങ്കില്‍ വലിയ തിരിച്ചടി ഇനിയും ഉണ്ടാകുമെന്നും അവർ പറയുന്നു. ഇങ്ങനെയൊരു പ്രതിസന്ധിയില്‍ വെള്ളാപ്പള്ളിയുമായി ഇനിയും കൂടുതല്‍ അടുക്കാനാണു സിപിഎം ശ്രമമെങ്കില്‍ ഇടതുമുന്നണിയില്‍ വലിയ പ്രതിസന്ധിയുണ്ടാകും. ഇടതുമുന്നണിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കു ഇതു വലിയ തിരിച്ചടിയാകും.
സിപിഎം എല്ലാം തീരുമാനിക്കുന്നെന്നും പാർട്ടി നേതൃത്വം വെറുതെ ഇടതുമുന്നണി യോഗത്തില്‍ പോയി അവർ പറയുന്നതും കേട്ടുകൊണ്ടു തിരിച്ചുവരുന്നൂവെന്ന ആക്ഷേപം കാലങ്ങളായി അവർക്കിടയില്‍ ഉണ്ട്. ബിനോയ് വിശ്വം പാർട്ടി സെക്രട്ടറിയായി വന്നിട്ടും ഈ ആരോപണത്തില്‍ മാറ്റം വന്നില്ല.
ആകെ ഉണ്ടായ ആശ്വാസം പിഎംശ്രീ ഒപ്പിട്ടതില്‍ നിന്നും സർക്കാരിനെ പിന്മാറ്റാനായിയെന്നതു മാത്രമാണ്. മുന്നണി മര്യാദ പാലിക്കാതെ ഇനിയും സിപിഎം മുന്നോട്ടുപോയാല്‍ കടുത്ത നിലപാടു സ്വീകരിക്കണമെന്ന് അടുത്തിടെ ചേർന്ന സിപിഐ സംസ്ഥാന കൗൺസില്‍ യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു.
തദ്ദേശതെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുമായുള്ള മുഖ്യമന്ത്രിയുടെ സൗഹൃദം ന്യൂനപക്ഷ വോട്ടുകള്‍ അകറ്റാൻ ഇടയായെന്നാണു സിപിഐ വിലയിരുത്തിയത്. സിപിഐയെ ചതിയൻ ചന്തുവെന്നാണു വെള്ളാപ്പള്ളി വിളിച്ചത്. ഇതിനു ബിനോയ് തക്ക മറുപടി നല്‍കിയെങ്കിലും ഇനി വെള്ളാപ്പള്ളിയുമായുള്ള സൗഹൃദം സിപിഐ ആഗ്രഹിക്കുന്നില്ല. ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ നിലപാടെന്തായിരിക്കുമെന്നാണു രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.















































































