ശബരിമല സ്വർണ്ണപ്പാളി കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്‌ഐടിക്ക് ഹൈക്കോടതി അനുമതി നല്‍കി
ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വർണ്ണ സാമ്പിള്‍ ശേഖരിക്കാം. ശ്രീകോവിലില്‍ പുതിയ വാതില്‍ വച്ചതിലും അന്വേഷണം നടത്താൻ എസ്‌ഐടിക്ക് കോടതി നിർദേശം നല്‍കി.
ശബരിമല സ്വര്‍ണപ്പാളി കേസില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) രണ്ടാംഘട്ട അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചശേഷമാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്.
എന്തുമാത്രം സ്വർണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്.ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വർണ്ണ സാമ്പിളുകൾ ശേഖരിക്കാം.ശ്രീകോവിലില്‍ പുതിയ വാതില്‍ വച്ചതിലും അന്വേഷണം നടത്താൻ എസ്‌ഐടിക്ക് കോടതി നിർദേശം നല്‍കി.
ശ്രീകോവിലില്‍ പുതിയ വാതില്‍ വച്ചതിലും പോറ്റിയെ മുൻ നിർത്തി വൻ തട്ടിപ്പ് നടന്നതായി സംശയിക്കുന്നു. ചെന്നൈയില്‍ എന്താണ് നടന്നത് എന്ന് കൃത്യമായി അറിയണം. പോറ്റിക്ക് ഉദ്യോഗസ്ഥർ അമിത സ്വാതന്ത്ര്യം നല്‍കി. പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്നും പറഞ്ഞ കോടതി ദേവസം ബോർഡിനെതിരെ ആഞ്ഞടിച്ചു. ആരെല്ലാം സ്വർണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണം. ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന് പരിശോധിക്കണമെന്നും എസ്‌ഐടിയോട് ഹൈക്കോടതി പറഞ്ഞു.
പത്തുദിവസത്തിനിടെ അന്വേഷണത്തില്‍ എന്ത് പുരോഗതിയുണ്ടായെന്നും കോടതി വിലയിരുത്തി. എസ്‌ഐടി പിടിച്ചെടുത്ത മിനിറ്റ്സ് ബുക്കും കോടതി പരിശോധിച്ചു. മിനിറ്റ്സ് രേഖപ്പെടുത്തിയതിലും ക്രമക്കേടുണ്ടെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ശബരിമല സ്വര്‍ണപ്പാളി കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച ദേവസ്വം വിജിലന്‍സും മറ്റൊരു റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കത്തിടപാടുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ദേവസ്വം വിജിലന്‍സ് പുതുതായി സമര്‍പ്പിച്ചത്. ഇതിലും നിര്‍ണ്ണായക തെളിവുകളുണ്ടെന്നാണ് സൂചന.
അടച്ചിട്ട കോടതി മുറിയിലാണ് ഹർജികള്‍ പരിഗണിച്ചത്. എഡിജിപി എച്ച്. വെങ്കിടേഷ്, അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. ശശിധരൻ എന്നിവർ കോടതിയില്‍ ഹാജരായി.
കേസ് മൂന്നാഴ്ച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.












































































