തിരുവനന്തപുരം: സഞ്ജു സാംസനെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സത്യവിരുദ്ധമായതും ,അപമാനകരവുമായതുമായ പ്രസ്താവന നടത്തിയ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് സസ്പെന്റ് ചെയ്യാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചു. 30.4.25 ൽ എറണാകുളത്തു ചേർന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. നിലവിൽ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചയ്‌സീ ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്.
വിവാദമായ പരാമർശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രാഞ്ചയ്‌സീ ടീമുകളായ കൊല്ലം ഏരീസ് , ആലപ്പി ടീം ലീഡ് കൊണ്ടെന്റെർ സായി കൃഷ്ണൻ , ആലപ്പി റിപ്പിൾസ് എന്നിവർക്കെതിരെയും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഫ്രാഞ്ചയ്‌സീ ടീമുകൾ നോട്ടീസിന് തൃപ്‌തികാരമായ മറുപടി നൽകിയതുകൊണ്ട് തന്നെ അവർക്കെതിരെ തുടർനടപടികൾ തുടരേണ്ടതില്ല എന്നും ടീം മാനേജ്മെന്റിൽ അംഗങ്ങളെ ഉൾപെടുത്തുംബോൾ ജാഗ്രത പുലർത്താൻ നിർദേശം നല്കാനും യോഗം തീരുമാനിച്ചു.
കൂടാതെ സഞ്ജു സാംസന്റെ പേരിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച പിതാവ് സാംസൺ വിശ്വനാഥ്, റെജി ലൂക്കോസ് , 24x 7 ചാനൽ അവതാരക എന്നിവർക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നൽകുവാനും ജനറൽ ബോഡിയോഗത്തിൽ തീരുമാനമായി.