രാഹുല്‍ ഗാന്ധിക്കെതിരായ കൊലവിളി പരാമര്‍ശം അടിയന്തര പ്രമേയമാക്കി പ്രതിപക്ഷം. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്റെ നോട്ടീസ് പരിഗണിക്കാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി വക്താവ് പ്രിന്റു മഹാദേവ് ചാനല്‍ ചര്‍ച്ചയ്ക്കിടെ കൊലവിളി പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു അടിയന്തര പ്രമേയം.
എന്നാല്‍ വിഷയത്തിന് പ്രാധാന്യവും അടിയന്തര സ്വഭാവവും ഇല്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറയുകയും അടിയന്തര പ്രമേയ നോട്ടീസ് തള്ളുകയുമായിരുന്നു. സ്പീക്കര്‍ പിന്നാലെ മൈക്ക് ഓഫ് ചെയ്തു.
തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ ബഹളം വെക്കുകയായിരുന്നു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിച്ചു. സ്പീക്കര്‍ക്കെതിരെ ബാനര്‍ ഉയര്‍ത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചു. സ്പീക്കര്‍ നീതി പാലിക്കണമെന്നും പ്രതിപക്ഷം പറഞ്ഞു. സ്പീക്കറുടെ ഡയസില്‍ തള്ളിക്കയറാനും ശ്രമം നടത്തി.