കൊച്ചി: നാളെ നടക്കുന്ന യുജിസി - നെറ്റ് പരീക്ഷയ്‌ക്ക് സംസ്ഥാനത്തുള്ള പല വിദ്യാർത്ഥികൾക്കും കേന്ദ്രം ലഭിച്ചത് വിദൂരസ്ഥലത്താണെന്ന് പരാതി. ആൻഡമാനിൽ വരെ ലഭിച്ചവരുണ്ടെന്ന് ആക്ഷേപമുയരുന്നതായി റിപ്പോർട്ട്. ശനിയാഴ്‌ചത്തെ പരീക്ഷയുടെ ഹാൾ ടിക്കറ്റ് എത്തിയത് വ്യാഴാഴ്‌ച ഉച്ചയോടെയായിരുന്നു. ഏറ്റവും അടുത്ത പരീക്ഷാ കേന്ദ്രമാണ് എല്ലാവരും ആദ്യ ഓപ്‌ഷൻ നൽകുക. എന്നാൽ, പലർക്കും അവസാന ഓപ്‌ഷനാണ് കേന്ദ്രമായി കിട്ടിയതെന്നാണ് പരാതി.
പൂജ, ദസറ അവധി സമയമായതിനാൽ,വിദൂരസ്ഥലത്തേക്കുപോകാൻ ട്രെയിൻ, വിമാന ടിക്കറ്റും ലഭ്യമല്ലാത്തതും വിനയായി. സമാന സംഭവം കഴിഞ്ഞ ഡിസംബറിൽ നടന്ന പരീക്ഷയ്‌ക്കുമുണ്ടായിരുന്നതായി പറയപ്പെടുന്നു. തലശേരി ബ്രണ്ണൻ കോളേജിൽ പഠിച്ച വിദ്യാർത്ഥിക്ക് പഞ്ചാബിലാണ് കേന്ദ്രം കിട്ടിയത്. കേന്ദ്രം മാറില്ലെന്ന് നാഷണൽ ടെസ്‌റ്റിങ് ഏജൻസി അറിയിച്ചതു പ്രകാരം വിമാനത്തിൽ പഞ്ചാബിലെത്തി. എന്നാൽ, അവസാന നിമിഷം പരീക്ഷാ കേന്ദ്രം കേരളത്തിലേക്ക് മാറ്റിയതോടെ ഈ വിദ്യാർത്ഥിക്ക് പരീക്ഷയെഴുതാൻ കഴിഞ്ഞിരുന്നില്ല. അതേ അവസ്ഥ ഇത്തവണയും ഉണ്ടാകുമോയെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ.












































































