ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യമാണ് റഷ്യ. യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രധാനമായും ആശ്രയിച്ചിരുന്നത് റഷ്യയുടെ എണ്ണയും വാതകവുമായിരുന്നു. 2023 മുതല്‍ ഉപരോധം കാരണം യൂറോപ്പ് റഷ്യയുടെ എണ്ണ വാങ്ങുന്നില്ല. മറ്റു രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. പ്രധാനമായും അമേരിക്ക, കാനഡ, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയെ.
കഴിഞ്ഞ മാസം ഉല്‍പ്പാദനം കൂടുകയും ആവശ്യം കുറയുകയും ചെയ്ത സാഹചര്യത്തില്‍ ആഗോള വിപണിയില്‍ എണ്ണവില വന്‍തോതില്‍ കുറഞ്ഞിരുന്നു. ഇതോടെ പ്രതിസന്ധിയിലായത് റഷ്യയും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള കയറ്റുമതി രാജ്യങ്ങളാണ്. എന്നാല്‍ ഈ വേളയില്‍ നേട്ടം കൊയ്യുകയായിരുന്നു ഇന്ത്യയും തുര്‍ക്കിയും. ഇരുരാജ്യങ്ങളും റഷ്യയുടെ എണ്ണ വാരിക്കൂട്ടി. കൂടാതെ സൗദി അറേബ്യയും റഷ്യയുടെ എണ്ണ വാങ്ങി.
ലോകത്തെ പ്രധാന എണ്ണ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ഇവര്‍ എന്തിനാണ് മറ്റൊരു രാജ്യത്ത് നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്. റഷ്യുയുടെ ഇന്ധന എണ്ണയ്ക്ക് വില കുറവാണ് എന്നതാണ് എടുത്തു പറയേണ്ടത്. മാത്രമല്ല, ചൂടുകാലമായതിനാല്‍ സൗദിയില്‍ വൈദ്യുതി ഉല്‍പ്പാദനത്തിന് കൂടുതല്‍ എണ്ണ വേണ്ടതുമുണ്ട്.
ഈ രണ്ട് കാര്യങ്ങള്‍ പരിഗണിച്ചാണ് സൗദി അറേബ്യ റഷ്യയില്‍ നിന്ന് ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇന്ധന എണ്ണ വാങ്ങിയത്. ഏപ്രില്‍ വാങ്ങിയ അത്രയും എണ്ണ മെയ് മാസത്തി്ല് റഷ്യയില്‍ നിന്ന് സൗദി വാങ്ങിയിട്ടില്ല എന്നതും എടുത്തു പറയണം. എങ്കിലും ഏഴ് ലക്ഷം ടണ്‍ സൗദി ഇറക്കുമതി ചെയ്തു. കഴിഞ്ഞ മാസം റഷ്യയില്‍ നിന്ന് കൂടുതല്‍ ഇന്ധന എണ്ണ ഇറക്കിയ രാജ്യവും സൗദി അറേബ്യയാണ്.
റഷ്യയുടെ ഇന്ധന എണ്ണ കൂടുതല്‍ വാങ്ങിയ രണ്ടാമത്തെ രാജ്യം ഇന്ത്യയാണ് എന്ന് എല്‍എസ്ഇജി ഡാറ്റകള്‍ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ആറ് ടണ്‍ എണ്ണയാണ് ഇന്ത്യ വാങ്ങിയത്. ഏപ്രില്‍ മാസത്തേക്കാള്‍ ഇരട്ടിയാണിത്. കാരണം അന്തര്‍ദേശീയ വിപണിയില്‍ എണ്ണയ്ക്ക് വില കുറഞ്ഞ സമയമായിരുന്നു. ഈ അവസരം ഇന്ത്യ ശരിക്കും മുതലെടുത്തു. അതേസമയം, ഇറാന്-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതോടെ എണ്ണവില പിന്നീട് കൂടി .