കൊച്ചി: രാത്രി 11 മണിക്കു ശേഷം ഡി.ജെ പാർട്ടികൾ നടത്തുന്നത് ക്രിമിനൽ നിയമലംഘനമാണെന്നും, പരാതിയുണ്ടായാൽ ഉടൻ സ്ഥലത്തെത്തി ഉപകരണങ്ങൾ പിടിച്ചെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
സമീപകാലത്ത് രാത്രി വൈകി നടക്കുന്ന ഡി.ജെ പാർട്ടികൾക്കെതിരെ നിരവധി പരാതികൾ പൊലീസിന് ലഭിച്ചതിനെ തുടർന്നാണ് നടപടി കർശനമാക്കിയത്. ബീച്ച്, റിസോർട്ട്, ക്ലബ്, വിവാഹ വേദികൾ തുടങ്ങിയ ഇടങ്ങളിൽ രാത്രി 12 വരെയും അതിന് ശേഷവും ഉയർന്ന ശബ്ദത്തിൽ സംഗീത പരിപാടികൾ നടത്തുന്നതായി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ഡിജെ പാർട്ടികളിൽ മദ്യത്തിനു പുറമേ നിരോധിത ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നു . ഇത്തരം പാർട്ടികളിൽ ലഹരി വില്പനക്കുള്ള മാർഗ്ഗമായി ഇടപാടുകാർ ഉപയോഗിക്കുന്ന് ഉണ്ട് എന്നും വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചു .
ഡി.ജെ പാർട്ടികൾ സംഘടിപ്പിക്കുന്നതുകൊണ്ട്
മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, രോഗികൾ എന്നിവർക്കു വലിയ അസൗകര്യം നേരിടേണ്ടി വരുന്നതായും, ശബ്ദ മലിനീകരണ നിയന്ത്രണ നിയമങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി. രാത്രി 11 കഴിഞ്ഞ് ശബ്ദവിസ്ഫോടനം ഉണ്ടാക്കുന്ന സംഗീതം, സ്പീക്കർ സംവിധാനം, ലൈവ് ഡിജെ എന്നിവയ്ക്ക് അനുമതിയില്ല.
ആഡംബര ഹോട്ടലുകൾ ഉൾപ്പെടെ ചില കേന്ദ്രങ്ങളിൽ നിന്ന് റസിഡൻഷ്യൽ പ്രദേശങ്ങളിലേക്ക് പോലും വലിയ ശബ്ദം എത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ആവർത്തിച്ചാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
ഇനി മുതൽ ഡി.ജെ പാർട്ടികൾ സംഘടിപ്പിക്കുന്നവർ നിർദ്ദിഷ്ട സമയപരിധി കൃത്യമായി പാലിക്കണം. അല്ലാത്ത പക്ഷം ശബ്ദ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും സംഘാടകരെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്യും എന്നതാണ് പൊലീസ് നിലപാട്.










































































