സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാർ മൂന്നാമതും അധികാരത്തിൽ വരാനുള്ള സാധ്യത വിഫലമാകാനാണ് സാധ്യതയെന്ന് മുൻ മന്ത്രി ജി. സുധാകരൻ. വലിയൊരു മാറ്റത്തിന് വേണ്ടിയുള്ള രാഷ്ട്രീയ സാഹചര്യം നിലവിലുണ്ടെന്നും യു.ഡി.എഫ് ആ രീതിയിലുള്ള പ്രചാരണമാണ് നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പിണറായി വിജയൻ മൂന്നാം തവണയും മുഖ്യമന്ത്രിയാകുന്നതിൽ തനിക്ക് സന്തോഷമേയുള്ളൂവെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിലും, പാർട്ടിയുടെ പേരിൽ പ്രവർത്തിക്കുന്ന 'പൊളിറ്റിക്കൽ ബിസിനസ്' കാരണമാണ് മൂന്നാമൂഴം പ്രയാസകരമാകുമെന്ന് താൻ പറയുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
സി.പി.ഐ നേതാവും മന്ത്രിയുമായ പി. പ്രസാദിനെതിരെ താൻ പ്രചാരണം നടത്തുമെന്നും സുധാകരൻ വ്യക്തമാക്കി. പ്രസാദ് അനാവശ്യമായ പ്രസ്താവനകൾ നടത്തിയെന്നും സുധാകരൻ ആരോപിച്ചു. കഴിഞ്ഞ തവണ വലിയ അനുകൂല തരംഗമുണ്ടായിട്ടും പ്രസാദിൻ്റെ ഭൂരിപക്ഷം 6000 വോട്ടായി കുറഞ്ഞതായും സുധാകരൻ കൂട്ടിച്ചേർത്തു.













































































